
ബുഡപെസ്റ്റില്‍ വച്ച് നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകില്ല. ഇപ്പോള്‍ ഒരു ചര്‍ച്ച ആവശ്യമില്ലെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വിശദമാക്കുന്നത്. ഇരു നേതാക്കളും തമ്മില്‍ ബുഡപെസ്റ്റില്‍ ഉടന്‍ കൂടിക്കാഴ്ച നടക്കുമെന്ന് ഡൊണാള്‍ഡ് ട്രംപാണ് ഇന്നലെ അറിയിച്ചത്.
ചര്‍ച്ച നീട്ടിയതിന്റെ കാരണം അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല. യുക്രെയ്നും യൂറോപ്യന്‍ സഖ്യകക്ഷികളും കീവില്‍ നിന്ന് പ്രാദേശിക ഇളവുകള്‍ ഇല്ലാതെ വെടിനിര്‍ത്തലിന് വേണ്ടി സമ്മര്‍ദം കൂട്ടിയതിന് പിന്നാലെയാണ് ട്രംപും പുടിനുമായുള്ള കൂടിക്കാഴ്ച നിര്‍ത്തിയതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ആഴ്ചയില്‍ നടന്ന നയതന്ത്ര ചര്‍ച്ചകളില്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ കാര്യമായ പുരോഗതി കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതും വൈറ്റ് ഹൗസിന്റെ നിലപാട് മാറ്റത്തിന് കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്.
തിങ്കളാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് കൂടിക്കാഴ്ച നിര്‍ത്തി വച്ചതായുള്ള പ്രസ്താവന പുറത്ത് വന്നത്.
എനിക്ക് സമയം പാഴാക്കാന്‍ താല്‍പ്പര്യമില്ല, അതിനാല്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാമെന്നും ട്രംപ് വിശദമാക്കിയിരുന്നു