അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൗദിയില്‍നിന്ന് നേടിയത് കൈനിറയെ. 14000 കോടി ഡോളറിന്റെ ഏറ്റവും വലിയ ആയുധം വാങ്ങലടക്കമുള്ള പ്രതിരോധ ഇടപാടുകള്‍ ഉള്‍പ്പടെ 30,000 കോടി ഡോളറിന്റെ വിവിധ കരാറുകളും 60,000 കോടി ഡോളറിന്റെ സംയുക്ത നിക്ഷേപവും നേടിയാണ് ട്രംപിന്റെ മടക്കം. അതിനൊപ്പം ചില വലിയ രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ നടത്തി ലോകത്തെ ഞെട്ടിക്കുകയും ചെയ്തു ട്രംപ്. സിറിയക്കെതിരായ മുഴുവന്‍ ഉപരോധങ്ങളും പിന്‍വലിക്കുമെന്നും സൗദി കിരീടാവകാശിയുടെ അഭ്യര്‍ഥന മാനിച്ചാണ് അതെന്നും നിക്ഷേപ സമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് ആവശ്യപ്പെടുന്നത് എന്തും ചെയ്യുമെന്ന് തുറന്നുപറഞ്ഞ അദ്ദേഹം സൗദി അറേബ്യയെ മാറ്റങ്ങളുടെ പാതയില്‍ മുന്നോട്ട് നയിക്കുന്ന കിരീടാവകാശിയുടെ കഠിനാധ്വാനത്തെ പ്രശംസിക്കുകയും ചെയ്തു. രാത്രിയില്‍ താങ്കള്‍ക്ക് ഉറങ്ങാന്‍ സമയം കിട്ടുന്നുണ്ടോ എന്ന് ട്രംപ് കിരീടാവകാശിയോട് ചോദിച്ചത് കൗതുകം നിറഞ്ഞ വാര്‍ത്തയുമായി.