കോതമംഗലം : ടി.ടി.സി വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ഒന്നാം പ്രതി പറവൂർ ആലങ്ങാട് പാനായിക്കുളം പുതിയറോഡ് തോപ്പിൽ പറമ്പിൽ റമീസിൻറെ (24) മാതാപിതാക്കളായ റഹിമോൻ (47), ഷെറീന (46), സുഹൃത്ത് കരുമാലൂർ വെസ്റ്റ് വെളിയത്തുനാട് പാറന ജങ്ഷൻ കറുകാശേരി അബ്ദുൽ സഹദ് (25) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ഒമ്പതിനാണ് വിദ്യാർഥിനിയെ കറുകടത്തെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. റമീസ് അറസ്റ്റിലായതോടെ ഒളിവിൽപോയ റഹിമോനെയും ഷെറീനയെയും സേലത്തെ ലോഡ്ജിൽ നിന്നാണ് തിങ്കളാഴ്ച രാവിലെ മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇരുവരും പിടിയിലായതോടെ അബ്ദുൽ സഹദ് ബിനാനിപുരം സ്റ്റേഷനിൽ കീഴടങ്ങി. റമീസിനെ ബുധനാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും. മൂവാറ്റുപുഴ ഡിവൈ.എസ്.പി പി.എം. ബൈജുവിൻറെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.