യുജിസി നെറ്റ് ഫലം പ്രഖ്യാപിച്ചു

01:35 PM Jul 22, 2025 | Renjini kannur

യുജിസി നെറ്റ് ഫലം എന്‍ടിഎ പ്രഖ്യാപിച്ചു. ജൂലായ് 21നാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.inല്‍ ഫലം പരിശോധിച്ച്‌ ഫലം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.ജൂണ്‍ 25 നും ജൂണ്‍ 29 നും ഇടയില്‍ രാജ്യവ്യാപകമായി 250 ലധികം പരീക്ഷാ നഗരങ്ങളിലായിട്ടാണ് പരീക്ഷ നടന്നത്. ജെആര്‍എഫ്, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് 5,269 പേരും, അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്‌ഡി പ്രവേശനത്തിനായി 54,885 പേരും, പിഎച്ച്‌ഡിക്ക് മാത്രമായി 1,28,179 പേരും യോഗ്യത നേടി.

ഫലത്തോടൊപ്പം, ജൂണ്‍ സെഷനിലെ കട്ട്-ഓഫ് മാർക്കുകളും NTA പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികള്‍ക്ക് അവരുടെ പ്രകടനം വിലയിരുത്തുന്നതിനും ഇന്ത്യൻ സർവകലാശാലകളിലെയും കോളേജുകളിലെയും ജൂനിയർ റിസർച്ച്‌ ഫെലോഷിപ്പ് (JRF), അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്കുള്ള യോഗ്യത നിർണ്ണയിക്കുന്നതിനും ഈ വിശദാംശങ്ങള്‍ ഉപയോഗിക്കാം.

ആകെ 10,19,751 വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 7,52,007 ഉദ്യോഗാര്‍ത്ഥികള്‍ മാത്രമാണ് പരീക്ഷയെഴുതിയത്. രജിസ്റ്റര്‍ ചെയ്ത പുരുഷ വിദ്യാര്‍ത്ഥികളുടെ എണ്ണം 4,28,853 ആയിരുന്നു. അതില്‍ 3,05,122 പേര്‍ പരീക്ഷയെഴുതി. രജിസ്റ്റര്‍ ചെയ്ത വനിതാ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം 5,90,837 ആയിരുന്നു. അതില്‍ 4,46,849 പേര്‍ പരീക്ഷയെഴുതി.