
ആലപ്പുഴ: നിര്‍മാണം നടക്കുന്ന പാലത്തിന്റെ ഗര്‍ഡര്‍ തകര്‍ന്ന് അച്ചന്‍കോവിലാറ്റില്‍ വീണ് രണ്ടുപേര്‍ മരിച്ചു.അഞ്ചുപേര്‍ രക്ഷപ്പെട്ടു. ചെട്ടികുളങ്ങര ഒന്നാം വാര്‍ഡ് കീച്ചേരിക്കടവ് പാലത്തിന്റെ ഗര്‍ഡറാണ് തകര്‍ന്നത്. കല്ലുമല അക്ഷയ്ഭവനില്‍ രാഘവ് കാര്‍ത്തിക്(24), തൃക്കുന്നപ്പുഴ കിഴക്ക് വടക്കുമുറിയില്‍ മണികണ്ഠന് ചിറയില്‍ ബിനുഭവനത്തില്‍ ബിനു(42) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നേകാലോടെയായിരുന്നു അപകടം. ആറ്റില്‍ വീണ എഴുപേരില്‍ അഞ്ചുപേരും നീന്തിക്കയറി. രാഘവും ബിനുവും ഒഴുക്കില്‍പ്പെട്ടു. ബിനുവിന്റെ ജ്യേഷ്ഠന് ബിജു ഇവരെ രക്ഷിക്കാന്‍ ആറ്റിലേക്ക് ചാടി. രാഘവിന്റെ കൈയില്‍ പിടിത്തം കിട്ടിയെങ്കിലും നീന്തിത്തളര്‍ന്ന ബിജു കയര്‍ ആവശ്യപ്പെട്ടു.
മറ്റ് തൊഴിലാളികള്‍ കയര്‍ ഇട്ടുകൊടുത്തപ്പോഴേക്കു രാഘവ് മുങ്ങിപ്പോയി. അപകടത്തില്‍പെട്ട പശ്ചിമബംഗാള്‍ സ്വദേശി മിലന്, ഝാര്‍ഖണ്ഡ് സ്വദേശി സുമിത്ത്, പടനിലം സ്വദേശി സോമന്, കരുവാറ്റ നാരകത്തറ വിനീഷ് ഭവനത്തില്‍ വിനീഷ് എന്നിവര്‍ക്കു പരുക്കേറ്റു. അഗ്നിരക്ഷാസേനയുടെ തെരച്ചിലില്‍ വൈകിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.