അമൃതപുരി (കൊല്ലം): വിദ്യാഭ്യാസ മേഖലയിലെ സഹായ സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കുന്നതിനായി യുനെസ്കോയുടെയും അമൃത വിശ്വവിദ്യാപീഠത്തിന്റെയും നേതൃത്വത്തിൽ യുനെസ്കോ ചെയർ ഓൺ അസിസ്റ്റീവ് ടെക്‌നോളജി ഇൻ എഡ്യൂക്കേഷൻ അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ പ്രവർത്തനമാരംഭിച്ചു. ഇതോടെ ഒരേസമയം മൂന്ന് യുനെസ്‌കോ ചെയറുകൾ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാലയായി അമൃത. വൈകല്യമുള്ളവർക്ക് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളും സാധ്യതകളും വർധിപ്പിക്കുന്നതിനാവശ്യമായ മാറ്റങ്ങളും ഗവേഷണങ്ങളും പരിശീലനങ്ങളും നടപ്പിലാക്കുക എന്നതാണ് യുനെസ്കോ ചെയർ ഓൺ അസിസ്റ്റീവ് ടെക്‌നോളജി ഇൻ എഡ്യൂക്കേഷൻ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.
യുനെസ്കോയുടെ യൂണിട്വിൻ യുനെസ്കോ ചെയേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായി ആരംഭിച്ചിട്ടുള്ള ചെയറിന്റെ ഉടമ്പടിയിൽ യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസുലേ, അമൃത വിശ്വവിദ്യാപീഠം വൈസ് ചാൻസലർ ഡോ. പി വെങ്കട്ട് രങ്കൻ എന്നിവർ ചേർന്ന് ഒപ്പുവച്ചു. 2029 ജൂൺ വരെ പ്രാബല്യത്തിൽ നിൽക്കുന്ന ഈ ചെയറിന് അമൃത സർവകലാശാല സ്‌കൂൾ ഓഫ് ബിസിനസ് വിഭാഗം ഡീൻ ഡോ. രഘു രാമൻ, സ്‌കൂൾ ഓഫ് കമ്പ്യൂട്ടിങ് വിഭാഗം അസോസിയേറ്റ് ഡീൻ ഡോ. പ്രേമ നെടുങ്ങാടി എന്നിവർ അധ്യക്ഷസ്ഥാനം വഹിക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് അടിസ്ഥാനമാക്കിയ ചാറ്റ് ബോട്ടുകൾ, ഇന്ത്യൻ സൈൻ ലാംഗ്വേജ്, വീഡിയോ തിരിച്ചറിയൽ സംവിധാനങ്ങൾ, ഓഡിയോ വിവരണ ഉപകരണങ്ങൾ എന്നിവ വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കാണ് ചെയർ പ്രധാനമായും പ്രാമുഖ്യം നൽകുന്നത്. കൂടാതെ, അക്കാദമിക് പരിശീലനങ്ങളിലൂടെയും അന്താരാഷ്ട്ര സഹകരണത്തിലൂടെയും കപ്പാസിറ്റി ബിൽഡിങ്ങിനും ശ്രദ്ധ നൽകും.
ഈ ചെയറിന്റെ ഭാഗമായി ഇ-ഗവേണൻസ് സേവനങ്ങൾക്കായി സൈൻ ലാംഗ്വേജ് സംയോജിപ്പിച്ച ആക്സസിബിലിറ്റി ഇന്റർഫേസ് സാങ്കേതിക വിദ്യ വികസിപ്പിച്ചുവരികയാണെന്നും, അതിന്റെ പ്രാരംഭ പതിപ്പ് ഇതിനകം കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും നാഷണൽ ഇ-ഗവേണൻസ് ഡിവിഷനും വികസിപ്പിച്ച ഉമാങ് പ്ലാറ്റ്ഫോമിൽ നടപ്പിലാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
സർവ്വകലാശാലാ പ്രൊവോസ്റ്റ് ഡോ. മനീഷ വി രമേഷ് അധ്യക്ഷയായിട്ടുള്ള യുനെസ്കോ ചെയർ ഓൺ എക്സ്പീരിയൻഷ്യൽ ലേർണിങ് ഫോർ സസ്റ്റയിനബിൾ ഇന്നോവേഷൻ ആന്റ് ഡെവലപ്പ്മെന്റ്, ഡോ. ഭവാനി റാവു അധ്യക്ഷയായിട്ടുള്ള യുനെസ്കോ ചെയർ ഓൺ ജെന്റർ ഈക്വാലിറ്റി ആന്റ് വുമൺ എംപവർമെന്റ് എന്നിങ്ങനെ രണ്ട് യുനെസ്‌കോ ചെയറുകൾ മുന്നേ തന്നെ അമൃത സർവകലാശാലയിൽ പ്രവർത്തിച്ചു വരുന്നുണ്ട്.