തൃശൂര്‍: വീടുകളില്‍ കെട്ടിക്കിടക്കുന്ന ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ ഇനി തലവേദനയാകില്ല. വീടുകളിലെ ഇ മാലിന്യത്തിന് പണം നല്‍കി ഹരിത കര്‍മസേന മുഖേന ശേഖരിച്ച് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കുകയാണ് വടക്കാഞ്ചേരി നഗരസഭ.
നഗരസഭയ്‌ക്കൊപ്പം എരുമപ്പെട്ടി, തെക്കുംകര പഞ്ചായത്തുകളും ചേര്‍ന്നാണ് ഈ പൈലറ്റ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. പദ്ധതിയുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്താകെ സമഗ്ര ഇ വേസ്റ്റ് ശേഖരണ നയം സ്വീകരിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഹരിത കര്‍മസേന ശേഖരിച്ച ഇ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും.
സമഗ്ര ഇ വേസ്റ്റ് ശേഖരണ പദ്ധതിക്ക് ഈ മാസം 20 മുതല്‍ വടക്കാഞ്ചേരി നഗരസഭയില്‍ തുടക്കമാകും. ഇ മാലിന്യങ്ങള്‍ കത്തിക്കുകയോ അംഗീകാരമില്ലാത്ത ഏജന്‍സികള്‍ക്ക് നല്‍കുകയോ ചെയ്യുന്ന പ്രവണതയാണ് സാധാരണ കണ്ടുവരുന്നത്. ഈ പ്രവണത ഇല്ലാതാക്കി കൃത്യമായി ഇ മാലിന്യം സംസ്‌കരണം ചെയ്യുന്നതിനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
ഹരിതകര്‍മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കിയാണ് പ്ലാസ്റ്റിക് കൈമാറുന്നതെങ്കിൽ ഇ വേസ്റ്റിന് തൂക്കത്തിനനുസരിച്ച് പണം തിരികെ ലഭിക്കുമെന്നതാണ് പ്രത്യേകത. ഇ വേസ്റ്റ് ശേഖരണത്തിന് മുന്നോടിയായി നഗരസഭയിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് സമഗ്ര ഇ മാലിന്യ സംസ്‌കരണ സംവിധാനത്തെ കുറിച്ച് ക്ലീന്‍ കേരള കമ്പനി മുഖേന ട്രെയിനിങ് ക്ലാസ് സംഘടിപ്പിച്ചു.