സംഭാൽ: യുപിയിൽ വിവാഹസംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് പ്രതിശ്രുതവരനുൾപ്പെടെ ഒരു കുടുംബത്തിലെ എട്ടുപേർ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് രണ്ടുപേർ ചികിത്സയിലാണ്. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ ജെവനായി ഗ്രാമത്തിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. വിവാഹവേദിയിലേക്ക് പുറപ്പെട്ട കാറിൽ പത്തുപേരാണ് ഉണ്ടായിരുന്നത്.
അതേസമയം അമിത വേഗത്തിലായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ ഒരു കോളേജിന്റെ ചുറ്റുമതിലിൽ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സൗത്ത് അഡീഷണൽ എസ്.പി. അനുകൃതി ശർമ വ്യക്തമാക്കി.