
സംസ്ഥാനത്ത് ഏറ്റവും അധികം കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന മലപ്പുറം ജില്ലയില്‍ കുട്ടികള്‍ക്ക് പ്ലസ് ടു പഠനാവസരം നിഷേധിക്കുന്നത് നീതികേടാണെന്ന് ആരാട്യന്‍ ഷൗക്കത്ത് എംഎല്‍എ. തെക്കന്‍ ജില്ലകളില്‍ പ്ലസ് ടുവിന് സീറ്റൊഴിഞ്ഞു കിടക്കുമ്പോള്‍ മലപ്പുറത്ത് സീറ്റില്ലാതെ കുട്ടികള്‍ നെട്ടോടമോടുന്ന ദുരവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ സഹകരണ അര്‍ബന്‍ബാങ്ക് പരിധിയിലെ സ്‌കൂളുകളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് വിജയം നേടിയ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡും മൊമന്റോയും നല്‍കി ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബാങ്ക് പ്രസിഡന്റ് കൂടിയായ ആര്യാടന്‍ ഷൗക്കത്ത്.
ഇത്തവണ എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയില്‍ 82,0000 കുട്ടികളാണ് പാസായത്. ഇവര്‍ക്ക് ഉപരിപഠനത്തിന് പ്ലസ് ടുവിന് 56,000ത്തോളം സീറ്റുകള്‍ മാത്രമാണുള്ളത്. വലിയ ഫീസുള്ള അണ്‍ എയ്ഡഡ് സ്‌കൂളുകളടക്കം പരിഗണിച്ചാലും 15,000ത്തോളം കുട്ടികള്‍ പ്രൈവറ്റായി പ്ലസ് ടു പഠിക്കേണ്ട പ്രതിസന്ധിയാണ്. ഉന്നത വിജയം നേടിയ കുട്ടികള്‍ക്കും അവര്‍ക്ക് പ്രചോദനമായ രക്ഷിതാക്കള്‍ക്കുമുള്ള അംഗീകാരം കൂടിയാണ് ആദരവെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.