നിരവധി ഘട്ടങ്ങളിൽ യുപിഐ പണമിടപാടുകൾ നടത്തുന്നവരാണ് നമ്മൾ. എളുപ്പത്തിലും വേഗത്തിലും ഇടപാട് നടത്താനാവുമെന്നതുകൊണ്ട് തന്നെ എല്ലാവരും ഇന്ന് യുപിഐ ഇടപാടുകൾ നടത്താനാണ് ആഗ്രഹിക്കുന്നത്. എന്നാൽ യുപിഐ ഇടപാടുകൾ ചെയ്യുന്ന സമയങ്ങളിൽ എന്തെങ്കിലും സംശയമുണ്ടായാൽ എന്ത് ചെയ്യും? പേടിക്കേണ്ട. സഹായിക്കാൻ എ ഐ ഉണ്ട്.
ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) യുപിഐ ഹെല്‍പ് എന്ന എഐ അധിഷ്ഠിത അസിസ്റ്റന്റ് അടുത്തിടെയാണ് പുറത്തിറക്കിയത്. പേയ്മെന്റുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും ഈ യുപിഐ ഹെല്‍പ് നിങ്ങൾക്ക് ഉത്തരം നൽകും. യുപിഐ ഹെല്‍പ് നൽകുന്ന സേവനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഡിജിറ്റല്‍ പേയ്മെന്റുകളെക്കുറിച്ചുള്ള എന്ത് സംശയങ്ങൾക്കും യുപിഐ ഹെല്‍പ്പ് ഉത്തരം നൽകും. നമുക്ക് അറിയാത്ത വിവിധ പേയ്മെന്റ് ഫീച്ചറുകളെ കുറിച്ചും മാര്‍ഗനിര്‍ദ്ദേശങ്ങളെ കുറിച്ചും ഇവ നമുക്ക് അറിവ് പകരും. കൂടാതെ യുപിഐ ഉപയോക്താക്കള്‍ക്ക് അവരുടെ ഓട്ടോപേ അടക്കമുള്ള എല്ലാ മാന്‍ഡേറ്റുകളും ഏകീകൃത രീതിയില്‍ കാണാന്‍ സാധിക്കും. അസിസ്റ്റന്റ്, മാന്‍ഡേറ്റ് മാനേജ്‌മെന്റ് സുഗമമാക്കും. ഇത് ഉപയോക്താക്കളെ അവരുടെ ഓട്ടോപേ മാന്‍ഡേറ്റുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായകമാകും.
അതോടൊപ്പം ഉപയോക്താക്കള്‍ക്ക് അവരുടെ ഇടപാടിന്റെ സ്റ്റാറ്റസ് പരിശോധിക്കാനും സേവന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ ട്രാക്ക് ചെയ്യാനും സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. അപൂര്‍ണ്ണമായ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനും മെര്‍ച്ചന്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടെങ്കില്‍ അത് ഉന്നയിക്കുന്നതിനും ഈ രീതി ഉപകരിക്കും.
എല്ലാ വിഭാഗം ഉപയോക്താക്കൾക്കും യുപിഐ അസിസ്റ്റന്റ് പ്രയോജനപ്പെടുത്താന്‍ കഴിയും. വെബ്സൈറ്റ്, ചാറ്റ്ബോട്ടുകള്‍ പോലുള്ള ബാങ്കുകളുടെ ഇന്റര്‍ഫേസ് ചാനലുകള്‍ വഴിയെല്ലാം യുപിഐ അസിസ്റ്റന്റ് ഉപയോഗിക്കാം. ഉപഭോക്താവിന്റെ ബാങ്കിന് വേണ്ടി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ആണ് യുപിഐ ഹെല്‍പ്പ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താവിനും ബാങ്കിനുമാണ്.