ഇറാനില്‍ യുഎസ് നടത്തിയ ആക്രമണങ്ങളെ ഹിരോഷിമയിലെ അണുബോംബ് ആക്രമണവുമായി ഉപമിച്ചു ; ട്രംപിനെതിരെ ജപ്പാനില്‍ പ്രതിഷേധം

06:38 AM Jun 28, 2025 | Suchithra Sivadas


ഇറാനില്‍ യുഎസ് നടത്തിയ ആക്രമണങ്ങളെ ഹിരോഷിമ, നാഗസാക്കി അണുബോംബ് ആക്രമണത്തോടുപമിച്ച പ്രസിഡന്റ് ട്രംപിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി ജപ്പാന്‍. നാഗസാക്കി മേയര്‍ ഉള്‍പ്പെടെയുള്ളയുള്ള പ്രാദേശിക നേതാക്കള്‍ ട്രംപിന്റെ പ്രസ്താവനയില്‍ നിരാശയും രോഷവും പ്രകടിപ്പിച്ചു. ട്രംപിന്റെ അഭിപ്രായ പ്രകടനം അണുബോംബ് വര്‍ഷിച്ചതിനെ ന്യായീകരിക്കുന്നുണ്ടെങ്കില്‍, ബോംബാക്രമണം നേരിട്ട ഒരു നഗരമെന്ന നിലയില്‍ ഞങ്ങള്‍ക്ക് അങ്ങേയറ്റം ഖേദകരമാണെന്ന് നാഗസാക്കി മേയര്‍ പറഞ്ഞു. 

ട്രംപ് തന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹിരോഷിമയിലെ ജനം പ്രതിഷേധ പ്രകടനം നടത്തി. ആണവായുധങ്ങളുടെ ഉപയോഗത്തെ ന്യായീകരിക്കുന്ന ഏതൊരു പ്രസ്താവനയും തള്ളണമെന്നും എല്ലാ സായുധ സംഘട്ടനങ്ങളും സമാധാനപരമായി പരിഹരിക്കണമെന്നും ആഹ്വാനം ചെയ്യുന്ന പ്രമേയം ഹിരോഷിമ നിയമസഭാംഗങ്ങള്‍ പാസാക്കി. ആറ്റം ബോംബുകളെക്കുറിച്ചുള്ള തങ്ങളുടെ നിലപാട് ജപ്പാന്‍ വാഷിംഗ്ടണിനോട് ആവര്‍ത്തിച്ച് അറിയിച്ചിട്ടുണ്ടെന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി ഹയാഷി യോഷിമാസ പറഞ്ഞു. 

അണുബോംബ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടയാളും സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവായ അഭിഭാഷക ഗ്രൂപ്പിന്റെ സഹ ചെയര്‍മാനുമായ നിഹോണ്‍ ഹിഡാന്‍ക്യോയുടെ മിമാകി തോഷിയുക്കിയും ട്രംപിനെ വിമര്‍ശിച്ചു. കഴിഞ്ഞ ദിവസമാണ് ട്രംപ് മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ ഇറാനിലെ ആക്രമണം ജപ്പാനിലെ അണുബോംബ് വര്‍ഷിച്ചതുമായി താരതമ്യം ചെയ്തത്.