കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് 50 ശതമാനം തീരുവ അമേരിക്ക ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കയറ്റുമതി കേന്ദ്രീകൃത വാണിജ്യമേഖലയിലെ പ്രതിനിധികളുടെ യോഗം സംസ്ഥാന വ്യവസായവകുപ്പ് കൊച്ചിയില്‍ വിളിച്ചു ചേര്‍ത്തു. കയറ്റുമതി മേഖലയുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വിശദമായ നിവേദനം കേന്ദ്രസര്‍ക്കാരിന് കേരളം സമര്‍പ്പിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.
വാണിജ്യമേഖലയ്ക്കൊപ്പം സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഒരു ശതമാനം മാത്രമേ കേരളത്തില്‍ നിന്നുള്ളൂവെങ്കിലും ഈ പ്രതിസന്ധി നമ്മുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കാന്‍ സാധ്യത ഏറെയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യത്തില്‍ പരിമിതികളുണ്ടെങ്കിലും കയറ്റുമതി കേന്ദ്രീകൃത മേഖലയുടെ ആവശ്യങ്ങളും നിലപാടും അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പരിധിയില്‍ നിന്ന ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് വ്യവസായമന്ത്രി വാഗ്ദാനം ചെയ്തു.
ആഗോളവത്കരണം പരാജയപ്പെട്ടതിന്‍റെ നേര്‍ക്കാഴ്ചയാണ് ഈ സാഹചര്യത്തില്‍ കാണാന്‍ കഴിയുന്നത്. ഒന്നിച്ചു നിന്നാല്‍ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തരവിപണി കൂടുതലായി ഉപയോഗപ്പെടുത്തണം. ലോകകേരള സഭയിലെ അംഗങ്ങളുമായി ചേര്‍ന്ന് പുതിയ കയറ്റുമതി വിപണി കണ്ടെത്താന്‍ ശ്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ നിന്നുള്ള പ്രതിസന്ധി അതീവഗുരുതരമാണെന്ന് വ്യവസായികള്‍ ഒന്നടങ്കം പറഞ്ഞു. അമേരിക്കയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നതു വരെ കാത്തിരിക്കുന്നതിന് പകരം സമാന്തരമായ മറ്റ് വിപണികള്‍ കണ്ടെത്തണം. മലയാളികള്‍ ഇന്ന് മിക്ക രാജ്യങ്ങളിലും താമസിക്കുന്നുണ്ട്. എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മാതൃകയില്‍ സംസ്ഥാനതലത്തിലും സംവിധാനം കൊണ്ടു വരണം. അതിലൂടെ പുതിയ വിപണികള്‍ കണ്ടെത്താന്‍ സാധിക്കും. വ്യവസായികളുടെ അവസ്ഥ മനസിലാക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം അഭിനന്ദനാര്‍ഹമാണെന്നും യോഗം ഒന്നടങ്കം പറഞ്ഞു.
കയറ്റുമതി മേഖലയ്ക്ക് നല്‍കി വന്നിരുന്ന പല സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ കുറച്ച് കാലമായി വെട്ടിക്കുറച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റോഡ്ടെപ് (റെമിഷന്‍ ഓഫ് ഡ്യൂട്ടീസ് ആന്‍്ഡ് ടാക്സസ് ഓണ്‍ എക്സ്പോര്‍ട്സ് പ്രൊഡക്ടസ്) പോലുള്ളവ മുന്‍കാലത്തേതു പോലെ നാല് ശതമാനമാക്കിയാല്‍ കുറച്ചൊക്കെ പ്രതിസന്ധി മറികടക്കാമെന്ന് കയറ്റുമതി മേഖലയില്‍ നിന്നുള്ളവര്‍ ചൂണ്ടിക്കാട്ടി.
കേന്ദ്രപദ്ധതികളുടെ ആനുകൂല്യം നേടിയെടുക്കുന്നതിന് കെഎസ്ഐഡിസിയില്‍ നിന്ന് നോഡല്‍ ഓഫീസറെ നിയമിക്കാവുന്നതാണ്. വൈദ്യുതി നിരക്കില്‍ ഇളവ്, തൊഴിലാളി ക്ഷേമ പദ്ധതികളില്‍ സബ്സിഡി തുടങ്ങിയവയും പരിഗണിക്കാവുന്നതാണെന്ന് ഈ മേഖലയില്‍ നിന്നുള്ളവര്‍ പറഞ്ഞു.
പുതിയ പ്രതിസന്ധി കണക്കിലെടുത്ത് ബാങ്കുകള്‍ വായ്പ നല്‍കുന്നതില്‍ വിമുഖത കാണിച്ചു തുടങ്ങിയിട്ടുണ്ട്. വ്യവസായവകുപ്പ് ഇടപെട്ട് ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ സമീപനമെടുക്കണം. മത്സ്യബന്ധന മേഖലയിലും സമുദ്രോത്പന്ന സംസ്ക്കരണ മേഖലയിലും വലിയ തൊഴില്‍ നഷ്ടത്തിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ഡീസല്‍ സബ്സിഡിയും സംസ്ക്കരണ യൂണിറ്റുകളിലെ സ്ത്രീ തൊഴിലാളികള്‍ക്ക് മറ്റ് തൊഴിലവസരങ്ങള്‍ ഒരുക്കുകയും വേണമെന്നും സമുദ്രോത്പന്ന കയറ്റുമതി മേഖല ആവശ്യപ്പെട്ടു.
കെഎസ്ഐഡിസി ചെയര്‍മാന്‍ സി ബാലഗോപാല്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ ഹരികൃഷ്ണന്‍, ഹാന്‍ഡ്ലൂം ഡയറക്ടര്‍ ഡോ. കെഎസ് കൃപകുമാര്‍, വ്യവസായവകുപ്പ് അഡി. ഡയറക്ടര്‍ രാജീവ് ജി, കെഎസ്ഐഡിസി ജനറല്‍ മാനേജര്‍ വര്‍ഗീസ് മാളാക്കാരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് , ആസൂത്രണബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി സംബന്ധിച്ചു. വിവിധ കയറ്റുമതി കേന്ദ്രീകൃത മേഖലകളില്‍ നിന്നായി 100 ലേറെ പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു.