പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് റഫാല്‍ ജെറ്റ് നഷ്ടമായോ? ആഘോഷിച്ച് യുഎസ് മാധ്യമങ്ങള്‍, ചൈനീസ് ആയുധ കമ്പനികളുടെ ഷെയറുകളില്‍ വന്‍ കുതിപ്പ്

11:23 AM May 12, 2025 | Raj C

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന യുദ്ധ സമാനമായ സംഘര്‍ഷം താത്കാലികമായി അവസാനിച്ചതോടെ വിവാദവും കൊഴുക്കുകയാണ്. അതിലൊന്നാണ് ഇന്ത്യയുടെ പ്രധാന ഫൈറ്റര്‍ ജെറ്റുകളായ റഫാലിനെ പാകിസ്ഥാന്‍ വെടിവെച്ച് വീഴ്ത്തിയെന്നത്. ഇന്ത്യയുടെ ജെറ്റുകള്‍ വെടിവെച്ച് വീഴിത്തിയെന്ന് പാകിസ്ഥാന്‍ അവകാശപ്പെട്ടെങ്കിലും ഇതിന് തെളിവ് നല്‍കാനായില്ല. എന്നാല്‍, ഇക്കാര്യം കഴിഞ്ഞദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ സൈനിക നേതൃത്വം നിഷേധിച്ചിട്ടില്ല.

രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ അഴിമതിയാണ് റഫാല്‍ ജെറ്റ് ഇടപാടിന്റേത്. ഫ്രാന്‍സില്‍ നിന്നും ഇന്ത്യ വാങ്ങിയ ജെറ്റ് പാകിസ്ഥാന്‍ ചൈന തുടങ്ങിയ രാജ്യങ്ങളുടെ ഭീഷണി ചെറുക്കാനായാണ്. പാകിസ്ഥാന്‍ ചൈനീസ് നിര്‍മിത J-10CE യുദ്ധവിമാനങ്ങളാണ് വാങ്ങിയത്.

ഇന്ത്യയുടെ ജെറ്റ് ആക്രമിക്കപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്നതോടെ അമേരിക്കന്‍ മാധ്യമങ്ങള്‍ ഇത് ആഘോഷമാക്കിയതായി ആരോപണമുയര്‍ന്നിരുന്നു. ഫ്രഞ്ച് റഫാല്‍ ജെറ്റുകള്‍ക്ക് മുന്‍ഗണന ലഭിക്കുന്നത് തടയാനും, പകരം അമേരിക്കന്‍ F35 യുദ്ധവിമാനങ്ങളെ പ്രോത്സാഹിപ്പിക്കാനുമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

സഹസ്രകോടികളുടെ ആയുധങ്ങള്‍ വാങ്ങുന്ന ഇന്ത്യ അമേരിക്കയുടെ വലിയ ഉപഭോക്താവാണ്. അമേരിക്കന്‍ വിമാനം വേണ്ടെന്നുവെച്ച് റഫാല്‍ വാങ്ങിയ ഇന്ത്യയ്ക്ക് കിട്ടിയ തിരിച്ചടിയാണെന്ന രീതിയിലാണ് ആഘോഷം.

റഫാല്‍ ജെറ്റുകള്‍, യു.എസ്. ഫൈറ്റര്‍ ജെറ്റുകളെ (പ്രത്യേകിച്ച് F35) അപേക്ഷിച്ച് യൂറോപ്പിലും മറ്റിടങ്ങളിലും പ്രചാരത്തിലുണ്ട്. റഫാലിന്റെ പ്രതിച്ഛായയ്ക്ക് ക്ഷതമേല്‍പ്പിക്കുന്നത് F35ന്റെ വിപണി സാധ്യതകള്‍ വര്‍ധിപ്പിക്കും. ഇതിനുവേണ്ടിയാണ് മാധ്യമങ്ങളുടെ ഇടപെടലുകളെന്ന് പറയുന്നു.

അതേസമയം, റഫാല്‍ ജെറ്റുകള്‍ വെടിവെച്ചിടപ്പെട്ടതിന് വ്യക്തമായ തെളിവുകള്‍ ഇല്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളും വീഡിയോകളും, റഫാല്‍ ജെറ്റിന്റെ ഭാഗങ്ങളുടെ അവശിഷ്ടങ്ങള്‍ കാണിക്കുന്നവ, പലതും വ്യാജമോ പഴയതോ ആണെന്ന് ഔദ്യോഗിക ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

റഫാല്‍ നഷ്ടമായോ എന്ന ചോദ്യത്തിന് ഇന്ത്യന്‍ വ്യോമസേന, 'യുദ്ധത്തില്‍ നഷ്ടങ്ങള്‍ സ്വാഭാവികമാണ്' എന്ന് പൊതുവായി പ്രസ്താവിച്ചെങ്കിലും, റഫാല്‍ ജെറ്റുകള്‍ ഉള്‍പ്പെടെ പ്രത്യേക വിമാനനഷ്ടങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. എല്ലാ പൈലറ്റുമാര്‍ സുരക്ഷിതമായി തിരിച്ചെത്തിയതായും സൈന്യം അറിയിക്കുകയുണ്ടായി.

അതിനിടെ ചൈനയുടെ ആയുധ കമ്പനികളുടെ ഷെയറുകളില്‍ വന്‍ കുതിപ്പുണ്ടായി. ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് കുതിപ്പ് പ്രകടമായത്. സംഘര്‍ഷം അവസാനിച്ചതോടെ ഇന്ത്യന്‍ സ്‌റ്റോക് മാര്‍ക്കറ്റുകളും വിപണിയില്‍ തിരിച്ചുകയറി.