
ഖത്തറിനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി യുഎസ്. ദോഹയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് യുഎസിന്റെ നീക്കം. യുഎസ് സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി വൈറ്റ് ഹൗസില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായും കൂടിക്കാഴ്ച നടത്തി. ഇസ്രയേല്‍ ആക്രമണങ്ങളെക്കുറിച്ചും യുഎസ്-ഖത്തര്‍ സുരക്ഷാ ക്രമീകരണത്തെക്കുറിച്ചും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
ഖത്തര്‍ പ്രധാനമന്ത്രിക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അത്താഴവിരുന്ന് നല്‍കുമെന്നാണ് വൈറ്റ് ഹൗസ് വക്താവ് വെളിപ്പെടുത്തുന്നത്. ചര്‍ച്ചകളില്‍ യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും പങ്കെടുക്കും. ചൊവ്വാഴ്ച ഖത്തറില്‍ സംഭവിച്ചതുപോലെയുള്ള ആക്രമണങ്ങള്‍ ഇനി ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് ട്രംപ് ഉറപ്പുനല്‍കിയിരുന്നു. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഉടന്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.