+

യുക്രൈന്‍ - റഷ്യ സംഘര്‍ഷം ; മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിച്ചതിന് സൗദിയോട് നന്ദി പറഞ്ഞ് യുഎസ്

റഷ്യയുമായുള്ള യുദ്ധത്തില്‍ 30 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനുള്ള യുഎസ് നിര്‍ദേശത്തെ ചര്‍ച്ചയില്‍ യുക്രൈന്‍ പിന്തുണച്ചിരുന്നു.

യുക്രൈന്‍ - റഷ്യ സംഘര്‍ഷത്തിന് അറുതി വരുത്തുന്നതിന്റെ ഭാഗമായുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിച്ചതിന് സൗദി അറേബ്യയോട് നന്ദി പറഞ്ഞ് യുഎസ്. സൗദി ഭരണാധികാരികള്‍ക്ക് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നന്ദി അറിയിച്ചു. ജിദ്ദയില്‍ ഉന്നത യുക്രൈന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്സിനൊപ്പം മാധ്യമങ്ങളോട് നടത്തിയ പ്രസ്താവനയിലാണ് റൂബിയോ സൗദി ഭരണാധികാരികള്‍ക്ക് നന്ദി പറഞ്ഞത്.


ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്നങ്ങളില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് കളമൊരുക്കുന്നതില്‍ നിര്‍ണായക പങ്കാണ് സൗദി അറേബ്യ വഹിച്ചതെന്നും യുഎസ് നേതാക്കള്‍ പറഞ്ഞു. റഷ്യയുമായുള്ള യുദ്ധത്തില്‍ 30 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനുള്ള യുഎസ് നിര്‍ദേശത്തെ ചര്‍ച്ചയില്‍ യുക്രൈന്‍ പിന്തുണച്ചിരുന്നു. അതേസമയം യുക്രൈനുള്ള സൈനിക സഹായവും രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവയ്ക്കലും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ വാഷിങ്ടണ്‍ സമ്മതിച്ചതായി ചര്‍ച്ചയ്ക്കു ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ നേതാക്കള്‍ അറിയിച്ചു.

facebook twitter