ന്യൂഡൽഹി: അമേരിക്കൻ തീരുവയുടെ ആഘാതത്തിൽനിന്ന് കരകയറാൻ യു.കെ, ജർമനി, ഫ്രാൻസ്, ഇറ്റലി ഉൾപ്പെടെ 40 രാജ്യങ്ങളിലേക്ക് വസ്ത്ര കയറ്റുമതി വർധിപ്പിക്കാനുള്ള പദ്ധതിയുമായി ഇന്ത്യ. ഇന്ത്യൻ എംബസികളുടെ സഹകരണത്തോടെ ഈ രാജ്യങ്ങളിലെ കയറ്റുമതി സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനാണ് നീക്കം. വ്യാപാര മേളകളിലും പ്രദർശനങ്ങളിലും പങ്കെടുത്ത് ഇന്ത്യൻ ഉൽപന്നങ്ങളുടെ മേന്മ ഇറക്കുമതിക്കാരെ ബോധ്യപ്പെടുത്തും.
സ്പെയിൻ, നെതർലൻഡ്സ്, പോളണ്ട്, കാനഡ, മെക്സികോ, റഷ്യ, ബെൽജിയം, തുർക്കിയ, യു.എ.ഇ, ആസ്ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയവയാണ് ഇന്ത്യ ലക്ഷ്യമിടുന്ന മറ്റ് രാജ്യങ്ങൾ. ഈ രാജ്യങ്ങളിലേക്ക് കയറ്റുമതി വർധിപ്പിച്ചാൽ അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം തീരുവയുടെ ആഘാതം ഒരു പരിധി വരെ കുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 220ൽ അധികം രാജ്യങ്ങളിലേക്ക് ഇന്ത്യ വസ്ത്ര കയറ്റുമതി നടത്തുന്നുണ്ടെങ്കിലും ഈ 40 രാജ്യങ്ങളാണ് ഏറ്റവും പ്രധാനം.
52 ലക്ഷം കോടിയുടെ വസ്ത്ര ഇറക്കുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്ന 40 രാജ്യങ്ങൾ നടത്തുന്നത്. ഇതിൽ ഇന്ത്യയുടെ വിഹിതം അഞ്ച്-ആറ് ശതമാനം മാത്രമാണ്. ഇതു വർധിപ്പിക്കുകയാണ് ലക്ഷ്യം. ആഗോള തലത്തിൽ വസ്ത്ര വിപണി 70 ലക്ഷം കോടി രൂപയുടേതാണ്. ഇതിൽ ഇന്ത്യയുടെ വിഹിതം 4.1 ശതമാനമാണ്. വസ്ത്ര കയറ്റുമതിയിൽ ഇന്ത്യക്ക് ആറാം സ്ഥാനമാണ്. 16 ലക്ഷം കോടി രൂപയുടേതാണ് ഇന്ത്യയുടെ വസ്ത്രവിപണി. ഇതിൽ 12.5 ലക്ഷം കോടി രൂപയുടേതും ആഭ്യന്തര വിപണിയാണ്. 3.25 ലക്ഷം കോടിയുടേതാണ് കയറ്റുമതി.
കയറ്റുമതി പ്രോത്സാഹന കൗൺസിലുകളായിരിക്കും ഇന്ത്യയുടെ കയറ്റുമതി വൈവിധ്യവത്കരണ പദ്ധതിയുടെ നെടുംതൂൺ. സൂറത്ത്, പാനിപത്, തിരുപ്പൂർ, ഭദോഹി തുടങ്ങിയ പ്രധാന വസ്ത്രനിർമാണ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കയറ്റുമതി വർധിപ്പിക്കാനുള്ള സാധ്യതകൾ കൗൺസിലുകൾ കണ്ടെത്തും.