ഉത്തർപ്രദേശിൽ ഹോട്ടലിന്റെ ഒന്നാം നിലയിൽ നിന്ന് നഗ്നയായി യുവതി താഴെ വീണു

10:05 AM Oct 30, 2025 | Neha Nair

ലഖ്‌നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു ഹോട്ടലിന്റെ ഒന്നാം നിലയിൽ നിന്ന് നഗ്നയായ ഒരു യുവതി താഴെ വീണു പരിക്കേറ്റു. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, യുവതിയുടെ സുഹൃത്തും ഹോട്ടൽ ജീവനക്കാരും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ശാസ്ത്രിപുരത്തെ ആർ.വി ലോധി കോംപ്ലക്സിലുള്ള ‘ദി ഹെവൻ’ എന്ന ഹോട്ടലിലാണ് സംഭവ നടന്നത്. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ പൊലീസ് ഉടൻ തന്നെ ഹോട്ടലിൽ നിന്ന് കൊണ്ടുവന്ന ഷീറ്റുകൊണ്ട് യുവതിയെ പൊതിഞ്ഞു.

യുവതിയെ ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. യുവതിയുടെ കൂട്ടുകാരനും ഹോട്ടൽ ജീവനക്കാരും സംഭവസ്ഥലത്ത് നിന്ന് മെല്ലെ തടിയൂരിയതായാണ് പൊലീസും പറയുന്നത്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അന്വേഷണത്തിനൊടുവിൽ പൊലീസ് ഹോട്ടലുടമയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതിയെ പശ്ചിമ്പുരിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

ഹോട്ടലിലെ ഒന്നാംനിലയിലുള്ള നാലാംനമ്പർ മുറിയിൽ പൊലീസ് പരിശോധന നടത്തി. ചില സുപ്രധാന വിവരങ്ങൾ പരിശോധനക്കിടെ പൊലീസിന് ലഭിക്കുകയും ചെയ്തു. മുറിയിൽ ബലൂണുകളും അലങ്കാരങ്ങളും കണ്ടെത്തിയതോടെ ജൻമദിനപാർട്ടി നടക്കുകയായിരുന്നുവെന്ന് പൊലീസിന് മനസിലായി. മുറിയുടെ ഒരു ഭാഗത്ത് ഹാപ്പി ബർത്ത്ഡെ എന്നും എഴുതിയിരുന്നു. മുറിയുടെ ഒരു ഭാഗം ആകെ അലങ്കോലമായി കിടക്കുകയായിരുന്നു.

പെൺകുട്ടി തന്റെ സുഹൃത്തിനൊപ്പം ജന്മദിനം ആഘോഷിക്കാൻ വന്നതാണെന്നും ആ സമയത്താണ് അപകടം സംഭവിച്ചതെന്നും പോലീസ് കരുതുന്നു. സുഹൃത്തി​നെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഹരി പർവത് സഞ്ജയ് മഹാദിക് സ്ഥലത്തെത്തി.

പോലീസ് ഉടൻ തന്നെ നടപടിയെടുക്കുകയും ഹോട്ടൽ ഉടമയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ തുടങ്ങുകയും ചെയ്തു. സമീപത്തുള്ള ആളുകളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. സംശയാസ്പദമായ ആളുകൾ പലപ്പോഴും ഈ ഹോട്ടൽ സന്ദർശിക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.