
തിരുവനന്തപുരം: 'ഒറ്റ തന്തക്ക് പിറന്നവൻ' എന്ന പ്രയോഗം സ്ത്രീവിരുദ്ധവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി 'ഒറ്റ തന്തക്ക് പിറന്നവനാണെന്ന' പരാമർശം വിവാദമാകുന്നതിനിടെയിലാണ് ഇതിനെ വിമർശിച്ചുകൊണ്ട് ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
'ഒറ്റ തന്ത' എന്ന പ്രയോഗം ഒരു വ്യക്തിയുടെ മാന്യത അളക്കുന്നത് പിതൃത്വത്തെ മാത്രം അടിസ്ഥാനമാക്കിയാണ്. ഇത് അങ്ങേയറ്റം പുരുഷാധിപത്യപരമായ ഒരു കാഴ്ചപ്പാടാണ്. ഇതിലൂടെ, ഒരു വ്യക്തിയെ അധിക്ഷേപിക്കുന്നതിനൊപ്പം, ആ വ്യക്തിയുടെ അമ്മയെയും സ്ത്രീത്വത്തെയാകെയും അപമാനിക്കുകയാണ് ചെയ്യുന്നത്. ഒരു കുഞ്ഞിന്റെ ജനനത്തിൽ അച്ഛനോടൊപ്പം തുല്യ പങ്കുവഹിക്കുന്ന അമ്മയെ പൂർണമായും അദൃശ്യമാക്കുന്ന ഒരു ഫ്യൂഡൽ പ്രയോഗമാണിതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
തൃശൂരിൽ ജനസമ്പർക്ക സംവാദ പരിപാടിയായ 'എസ്.ജി കോഫി ടൈംസ്' എന്ന സുരേഷ് ഗോപിയുടെ പരിപാടിയിൽ അദ്ദേഹം ആലപ്പുഴയിൽ എയിംസ് വേണമെന്ന ആവശ്യത്തെ കുറിച്ച് പറഞ്ഞിരുന്നു. തൃശൂരിൽ നിന്ന് എം.പിയാകുന്നതിന് മുൻപ് തന്നെ ആലപ്പുഴയിൽ എയിംസ് വേണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. താൻ ഒറ്റ തന്തക്ക് പിറന്നവനാണ്, പറഞ്ഞ വാക്ക് മാറ്റില്ലെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
ഒറ്റ തന്തയ്ക്ക് പിറന്നവൻ..!!
നമ്മുടെ പൊതുമണ്ഡലത്തിൽ, പ്രത്യേകിച്ച് രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കിടയിലും വ്യക്തിപരമായ തർക്കങ്ങളിലും, 'ഒറ്റ തന്തയ്ക്ക് പിറന്നവൻ' എന്ന പ്രയോഗം ഒരു വെല്ലുവിളിയായോ അധിക്ഷേപമായോ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെടാറുണ്ട്. ഈ പ്രയോഗം പേറുന്ന അർത്ഥതലം അങ്ങേയറ്റം സ്ത്രീവിരുദ്ധവും അബദ്ധജടിലവും കാലഹരണപ്പെട്ടതുമാണ്.
എന്താണ് ഈ പ്രയോഗത്തിലെ ശരികേട്?
അത് സ്ത്രീവിരുദ്ധമാണ്: 'ഒറ്റ തന്ത' എന്ന പ്രയോഗം ഒരു വ്യക്തിയുടെ മാന്യത അളക്കുന്നത് പിതൃത്വത്തെ മാത്രം അടിസ്ഥാനമാക്കിയാണ്. ഇത് അങ്ങേയറ്റം പുരുഷാധിപത്യപരമായ ഒരു കാഴ്ചപ്പാടാണ്. ഇതിലൂടെ, ഒരു വ്യക്തിയെ അധിക്ഷേപിക്കുന്നതിനൊപ്പം, ആ വ്യക്തിയുടെ അമ്മയെയും സ്ത്രീത്വത്തെയാകെയും അപമാനിക്കുകയാണ് ചെയ്യുന്നത്. ഒരു കുഞ്ഞിന്റെ ജനനത്തിൽ അച്ഛനോടൊപ്പം തുല്യ പങ്കുവഹിക്കുന്ന അമ്മയെ പൂർണ്ണമായും അദൃശ്യമാക്കുന്ന ഒരു ഫ്യൂഡൽ പ്രയോഗമാണിത്.
അത് അബദ്ധജടിലവും അശാസ്ത്രീയവുമാണ്: മനുഷ്യർക്ക് ഒന്നിലധികം ബയോളജിക്കൽ പിതാക്കൾ ഉണ്ടാവുക എന്നത് ശാസ്ത്രീയമായി അസാധ്യമായ കാര്യമാണ്. എന്നിട്ടും, "ഒറ്റ തന്തയ്ക്ക്" എന്ന പ്രയോഗം ഒരു അസാധാരണമായ യോഗ്യതയായി അവതരിപ്പിക്കുന്നത് തികഞ്ഞ അസംബന്ധമാണ്. ഇത് കേവലം അധിക്ഷേപം മാത്രമല്ല, അടിസ്ഥാനപരമായ ജീവശാസ്ത്രപരമായ അറിവില്ലായ്മയെ കൂടിയാണ് തുറന്നുകാട്ടുന്നത്.
അത് മനുഷ്യവിരുദ്ധമാണ്: ഒരു വ്യക്തിയുടെ നിലപാടുകളെയോ ആശയങ്ങളെയോ വിമർശിക്കുന്നതിന് പകരം, അയാളുടെ ജനനത്തെയും മാതാപിതാക്കളെയും സംബന്ധിച്ച അധിക്ഷേപങ്ങൾ ഉന്നയിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ഒരാളുടെ അസ്തിത്വത്തെ ചോദ്യം ചെയ്യാൻ ജനനത്തെ ഉപയോഗിക്കുന്നത് മനുഷ്യത്വവിരുദ്ധമാണ്.
അത് കാലഹരണപ്പെട്ടതാണ്: "പാരമ്പര്യവും കുലമഹിമയും" നോക്കി മനുഷ്യരെ വിലയിരുത്തിയിരുന്ന ഒരു കാലഘട്ടത്തിന്റെ ബാക്കിപത്രമാണ് ഇത്തരം പ്രയോഗങ്ങൾ. നമ്മൾ കുട്ടികളെ പഠിപ്പിക്കുന്നത് പരസ്പര ബഹുമാനത്തിന്റെയും ശാസ്ത്രീയ മനോഭാവത്തിന്റെയും ലിംഗസമത്വത്തിന്റെയും പാഠങ്ങളാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മുന്നോട്ടുവെക്കുന്ന മൂല്യങ്ങൾക്ക് കടകവിരുദ്ധമാണ് ഇത്തരം അധിക്ഷേപ വാക്കുകൾ.
ആശയങ്ങളെ ആശയങ്ങൾ കൊണ്ടാണ് നേരിടേണ്ടത്. അല്ലാതെ, കുടുംബത്തെയും ജനനത്തെയും അധിക്ഷേപിച്ചുകൊണ്ടല്ല. വാക്കുകൾ ആയുധങ്ങളാണ്, അത് മുറിവേൽപ്പിക്കാനല്ല, മറിച്ച് മെച്ചപ്പെട്ട ഒരു സമൂഹത്തെ രൂപപ്പെടുത്താനാകണം ഉപയോഗിക്കേണ്ടത്. നമ്മുടെ പൊതുമണ്ഡലം കൂടുതൽ സംസ്കാരസമ്പന്നമാകാൻ ഇത്തരം പിന്തിരിപ്പൻ പ്രയോഗങ്ങളെ ബോധപൂർവ്വം ഒഴിവാക്കാൻ നമുക്കോരോരുത്തർക്കും, പ്രത്യേകിച്ച് പൊതുപ്രവർത്തകർക്ക് ഉത്തരവാദിത്തമുണ്ട്.