സൂര്യയുടെ ഏറ്റവും പുതിയ ചിത്രം റെട്രോ മേയ് ഒന്നിന് തിയറ്ററിൽ എത്തുകയാണ്. കാർത്തിക് സുബ്ബരാജിൻ്റെ സംവിധാനത്തിൽ എത്തുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ, ആരാധകർക്ക് വീണ്ടും ഒരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് താരം.
വെട്രിമാരൻ സംവിധാനം ചെയ്യുന്ന വാടിവാസൽ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്ന് സൂര്യ സ്ഥിരീകരിച്ചു. 'മേയ് ഒന്നിന് റെട്രോ വരും, ഈ വർഷം വാടിവാസലും ആരംഭിക്കും' എന്ന് സൂര്യ അറിയിച്ചു. റെട്രോയുടെ പ്രമോഷന്റെ ഭാഗമായി മുംബൈയിൽ നടന്ന പരിപാടിക്കിടെയാണ് നടന്റെ പ്രതികരണം.
ഏതാനും വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം എന്ന് ആരംഭിക്കും എന്നതിൽ ഇതുവരെ സ്ഥിരീകരണമൊന്നും വന്നിരുന്നില്ല. സൂര്യ വെട്രിമാരൻ കൂട്ടുകെട്ടിലെ ചിത്രം എപ്പോഴാണ് എത്തുന്നത് എന്ന ചോദ്യത്തിനാണ് ഇപ്പോൾ ഉത്തരമായിരിക്കുന്നത്.
സി. എസ്. ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. ജല്ലിക്കെട്ടാണ് പശ്ചാത്തലമാകുന്നത്. അച്ഛന്റെ മരണത്തിനു കാരണക്കാരനായ ‘കാരി’ എന്ന കാളയെ ജല്ലിക്കെട്ടിൽ പിടിച്ചുകെട്ടാൻ ശ്രമിക്കുന്ന ‘പിച്ചി’യുടെ കഥയാണ് നോവൽ. വി ക്രിയേഷൻസിൻ്റെ ബാനറിൽ താനു ചിത്രം നിർമിക്കും. 2021ലാണ് ചിത്രം പ്രഖ്യാപിച്ചത്.