ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ജനറൽ മാനേജർ, ചീഫ് മാനേജർ തുടങ്ങി II മുതൽ VI സ്‌കെയിലിൽ ഉൾപ്പെടുന്ന സ്‌പെഷ്യലിസ്റ്റ് ഓഫീസർ വിഭാഗത്തിലെ മുന്നൂറ്റൻപതോളം ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 2025 സെപ്റ്റംബർ പത്ത് മുതൽ സെപ്റ്റംബർ മുപ്പത് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം.
ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://bankofmaharashtra.in/current-openings സന്ദർശിക്കുക.
' സ്‌പെഷ്യലിസ്റ്റ് ഓഫീസേഴ്‌സ് റിക്രൂട്ട്‌മെന്റ് 2025' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
യൂസർനെയിം, പാസ്‌വേഡ് എന്നിവ നൽകി രജിസ്റ്റർ ചെയ്യുക. ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ "Login" ചെയ്യുക.
ഓൺലൈൻ അപ്ലിക്കേഷൻ ഫോമിൽ വിവരങ്ങൾ നൽകി പൂർത്തിയാക്കുക.
സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, മാർക്ക് ഷീറ്റുകൾ, ഫോട്ടോ, ഒപ്പ്, റസ്യൂമെ എന്നിവ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക.
അപ്ലിക്കേഷൻ ഫീസ് അടയ്ക്കുക.
ഫോം സബ്മിറ്റ് ചെയ്ത ശേഷം അപ്ലിക്കേഷന്റെ പകർപ്പ് എടുത്ത് സൂക്ഷിക്കുക
അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
പത്ത്, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ ബിരുദത്തിന്റെ മാർക്ക് ഷീറ്റ് എന്നീ സർട്ടിഫിക്കറ്റുകളുടെ സ്‌കാൻ ചെയ്ത കോപ്പി. ഓരോ പോസ്റ്റിനും ആവശ്യമായ തൊഴിലിലെ മുൻ പരിചയത്തിന്റെ സർട്ടിഫിക്കറ്റും വ്യക്തിവിവരങ്ങൾ അടങ്ങിയ റസ്യൂമെയും.
കൃത്യമായ ഡോക്യുമെന്റുകൾ ഇല്ലാത്തതും പൂർത്തിയാക്കാത്തതുമായ അപ്ലിക്കേഷനുകൾ തള്ളിക്കളയും.
അപേക്ഷിക്കാനുള്ള ഫീസ്
ജനറൽ, ഇ.ഡബ്ല്യു.എസ്, ഒ.ബി.സി- 1180 (ജി.എസ്.ടി അടക്കം)
എസ്.സി, എസ്.ടി, പിഡബ്ല്യു.ബി.ഡി- 118 (ജി.എസ്.ടി അടക്കം)
ഓൺലൈൻ ആയി മാത്രമേ ഫീസ് അടയ്ക്കാൻ സാധിക്കു.
തിരഞ്ഞെടുക്കൽ പ്രക്രിയ
അപ്ലിക്കേഷന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നവർ അഭിമുഖത്തിലും ചർച്ചകളിലും പങ്കെടുക്കണം. നൂറ് മാർക്കുള്ള അഭിമുഖത്തിൽ അൻപത് മാർക്ക് നേടണം. എസ്.സി, എസ്.ടി, പിഡബ്ല്യു.ബി.ഡി എന്നീ വിഭാഗത്തിൽ ഉൾപ്പെടുന്നവർ നാൽപ്പത്തഞ്ച് മാർക്ക് നേടിയാൽ മതി. മാർക്കുകൾ ഒരേപോലെ വരുന്ന സാഹചര്യത്തിൽ പ്രായം കൂടിയ ഉദ്യോഗാർഥികൾക്കായിരിക്കും മുൻഗണന.
ശമ്പളവും ആനുകൂല്യങ്ങളും
സ്‌കെയിൽ VI : 1,40,500 - 1,56,500
സ്‌കെയിൽ V: 1,20,940 - 1,35,020
സ്‌കെയിൽ IV: 1,02,300 - 1,20,940
സ്‌കെയിൽ III : 85,920 - 1,05,280
സ്‌കെയിൽ II: 64,820 - 93,960
ഡി.എ, എച്.ആർ.എ (വീട്ടു വാടക ബത്ത), സി.സി.എ, മെഡിക്കൽ എന്നീ ആനുകൂല്യങ്ങളും ലഭിക്കും.