+

'വല' ചിത്രത്തിൻ്റെ ഇൻട്രോ വീഡിയോ റീലിസ് ചെയ്തു

'വല' ചിത്രത്തിൻ്റെ ഇൻട്രോ വീഡിയോ റീലിസ് ചെയ്തു

അഞ്ച് പതിറ്റാണ്ടിലേറെയായി മലയാളത്തിൻറെ ഹാസ്യ സാമ്രാട്ടായി ജനലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിച്ച ജഗതി ശ്രീകുമാർ പ്രൊഫ.അമ്പിളിയായി ഞെട്ടിക്കുമെന്ന സൂചന നൽകി 'വല' ഇൻട്രോ വീഡിയോ പുറത്ത്. 'ഗഗനചാരി'ക്ക് ശേഷം അരുൺ ചന്തു ഒരുക്കുന്ന ചിത്രത്തിലൂടെ  അതിഗംഭീര തിരിച്ചുവരവിനാണ് അദ്ദേഹം ഒരുങ്ങുന്നതെന്നാണ് വീഡിയോ കാണുമ്പോൾ മനസ്സിലാക്കാനാകുന്നത്. 

''നമ്മുടെ അറിവ് പരിമിതമാണ്. നമുക്കറിയാത്തത് അനന്തവും. അറിവിൻറെ കാര്യത്തിൽ ഇന്ന് നാം നിൽക്കുന്നത് ഒരു ചെറുദ്വീപിലാണ്. അതിനുചുറ്റും അനന്തമായ ഒരു സമുദ്രമുണ്ട്. ഇനി വരുന്ന ഓരോ തലമുറയുടേയും കടമ ഈ ദ്വീപിലേക്ക് കൂടുതൽ കരയെ ചേർക്കുകയും അതുവഴി നമ്മുടെ അറിവിനെ അതിൻറെ പൂർണ്ണതയിലേക്ക് നയിക്കുകയും ചെയ്യുക എന്നതുമാണ്“ എന്ന പ്രൊഫ. അമ്പിളിയുടെ ഡയലോഗുമായാണ് വീഡിയോ ആരംഭിക്കുന്നത്. 

ജഗതി ശ്രീകുമാറിന്റെ 73-ആം പിറന്നാൾ ദിനത്തിലാണ് സിനിമയിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരുന്നത്. ഇപ്പോഴിതാ വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിംഗിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ചക്രകസേരയിലിരിക്കുന്ന രീതിയിലാണ് വീഡിയോയിൽ അദ്ദേഹത്തെ കാണിച്ചിരിക്കുന്നത്. പ്രൊഫസർ അമ്പിളി അഥവാ അങ്കിൾ ലൂണാർ ആയി ജഗതി ശ്രീകുമാർ എത്തുമ്പോൾ താരയായി അനാർക്കലിയെത്തുന്നു. കലിസ്റ്റോ, വിശാൽ കുര്യൻ, പുറമ്പോക്ക് പ്ലൂട്ടോ, റെനോ തുടങ്ങിയ വ്യത്യസ്തമായ പേരുകളാണ് കഥാപാത്രങ്ങൾക്കുള്ളത്. 

ബേസിൽ ജോസഫും, വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി ഇൻട്രോ വീഡിയോയിലുണ്ട്. ഗോകുൽ സുരേഷ്, അജു വർഗീസ് എന്നിവർക്കൊപ്പം ഗഗനചാരിയിലെ അനാർക്കലി മരിക്കാർ, കെ. ബി. ഗണേശ്‍ കുമാർ, ജോൺ കൈപ്പള്ളിൽ, അർജുൻ നന്ദകുമാർ എന്നിവരും ‘വല’യുടെ ഭാഗമാണ്. മാത്രമല്ല, മാധവ് സുരേഷും ഭഗത് മാനുവലും ജിജു ജോണും ഉൾപ്പെടെ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ലോകത്തെ തൻറെ കൈവെള്ളയിൽ നിയന്ത്രിക്കുന്ന ഒരു മാസ്റ്റർ മൈൻഡ് ശാസ്ത്രജ്ഞൻറെ റോളിലാണ് വീഡിയോയിൽ ജഗതി ശ്രീകുമാറിനെ കാണിച്ചിരിക്കുന്നത്. 'ഗഗനചാരി' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ പുത്തൻ ജോണർ തുറന്നുകൊടുത്ത യുവ സംവിധായകൻ അരുൺ ചന്തുവിൻറെ അടുത്ത ചിത്രമായാണ് വല എത്തുന്നത്. സയൻസ് ഫിക്ഷൻ മോക്യുമെൻററിയായ 'ഗഗനചാരി'ക്ക് ശേഷം എത്തുന്ന ചിത്രവും പുതുമയുള്ള പ്രമേയവും കഥാപശ്ചാത്തലത്തിലുമാണ് വരുന്നത്. സോംബികളും 'വല'യിലെ ആകർഷണീയതയാണ്. അടുത്തിടെ സിനിമയുടെ അനൗൺസ്മെൻറ് വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നതാണ്. 

മരിച്ചിട്ടും മരിക്കാതെ തുടരുന്ന മനുഷ്യരെയും ജീവികളെയുമാണ് സയൻസ് ഫിക്ഷൻ ലോകത്ത് സോംബികളെന്ന് വിളിക്കുന്നത്. ഇവരുടെ ആക്രമണത്തിൽ പെടുന്നവരും സോംബികളായി മാറുന്നതാണ് പൊതുവെ ഫിക്ഷനിൽ കണ്ടുവരാറുള്ളത്. ഹോളിവുഡ് അടക്കമുള്ള വിദേശ ഭാഷകളിൽ നിരവധി ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇന്ത്യൻ ഭാഷകളിൽ വളരെ വിരളമായേ സോംബികൾ സ്‌ക്രീനിൽ എത്തിയിട്ടുള്ളു. മലയാളത്തിലെ ആദ്യ സോംബി ചിത്രങ്ങളിലൊന്നായാണ് ഇപ്പോൾ വല വരാൻ ഒരുങ്ങുന്നത്. 'ഗഗനചാരി'യുടെ തുടർച്ചയാണോ, വ്യത്യസ്തമായ ചിത്രമാണോ, അതോ പുതിയ യൂണിവേഴ്‌സിന് തുടക്കമാണോ എന്നെല്ലാം ചിത്രത്തെ കുറിച്ച് ചർച്ചകൾക്ക് അവസരമൊരുക്കുന്നതാണ് ഗ്ലിംസ് വീഡിയോ. ടർട്ടിൽ വൈൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിൻ്റെ സഹനിർമ്മാണം ലെറ്റേഴ്‌സ് എൻറർടെയ്ൻമെൻറ്സാണ്. ടെയ്‌ലർ ഡർഡനും അരുൺ ചിന്തുവും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. പ്രൊമോ സിനിമാറ്റോഗ്രഫി ഗുരുപ്രസാദ് എം.ജി, സുർജിത് എസ് പൈ, എഡിറ്റിംഗ് സി.ജെ അച്ചു, സംഗീതം ശങ്കർ ശർമ്മ, ആർട്ട് റെനീഷ് റെഗി, ക്രിയേറ്റീവ് ഡയറക്ടർ വിനീഷ് നകുൽ, വിഎഫ്എക്സ് മേരാക്കി, പ്രൊമോ ചീഫ് അസോസിയേറ്റ് ഡയറക്ടർ നിഥിൻ മൈക്കിൾ, പ്രൊമോ പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യും ബുസി ബേബി ജോൺ, സൗണ്ട് ഡിസൈൻ ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, ഫൈനൽ മിക്സ് വിഷ്ണു സുജാതൻ, സ്റ്റിൽ ഫോട്ടോഗ്രഫി രാകേഷ് ആനന്ദ്, ഡയറക്ടേഴ്സ് ടീം അരുൺ ലാൽ, ശ്രീഹരി, അജയ് കൃഷ്ണൻ വിജയൻ, പിആർഒ ആതിര ദിൽജിത്ത്, ഹെയ്ൻസ്, വിഷ്വൽ പ്രൊമോഷൻസ് സ്നേക്ക്പ്ലാൻറ്.
 

facebook twitter