ഗൂഗ്ൾ മാപ്പ് നോക്കി സഞ്ചരിച്ച വാൻ നദിയിൽ വീണു ; മൂന്ന് പേർ മരിച്ചു

03:46 PM Aug 28, 2025 | Neha Nair

ജയ്പൂർ: ഗൂഗ്ൾ മാപ്പ് നോക്കി സഞ്ചരിച്ച വാൻ നദിയിൽ വീണ് മൂന്ന് പേർ മരിച്ചു. ഒരു കുട്ടിയെ കാണാതായിട്ടുണ്ട്. ഗൂഗ്ൾ മാപ്പ് വഴികാട്ടിയതനുസരിച്ച് ഗതാഗതം നിരോധിച്ച പാലത്തിലേക്ക് കയറിയാണ് അപകടമുണ്ടായത്. ബാനസ് നദിയിലെ ഉയർന്ന ജലനിരപ്പ് മൂലം പാലത്തിലേക്കും വെള്ളം കയറിയിരുന്നു. പാലത്തിലെ കനത്ത ഒഴുക്കിലാണ് വാൻ നദിയിൽ പതിച്ചത്.

കുടുംബത്തിലെ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. ഒരു കുട്ടിയെ കാണാതായി. കുട്ടിക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. കുടുംബം സഞ്ചരിച്ച വാനിന് ഗൂഗ്ൾ മാപ്പ് സോമി-ഉപേന്ദ്ര പാലത്തിലേക്ക് വഴികാട്ടുകയായിരുന്നു. വർഷങ്ങളായി ഈ പാലം അടച്ചിട്ടിരിക്കുകയാണ്. വാൻ നദിയിൽ വീണയുടൻ അഞ്ച് പേർ അതിന് മുകളിലേക്ക് കയറിയതിനാൽ അവർക്ക് അപകടമൊന്നും സംഭവിച്ചില്ല. ആകെ ഒമ്പത് പേരാണ് വാനിലുണ്ടായിരുന്നത്.

വാനിന്റെ ഗ്ലാസ് തകർത്താണ് അഞ്ച് പേർ മുകളിലേക്ക് കയറിയത്. ഇവർ ഉടൻ തന്നെ വിവരം ബന്ധുക്കകളെ അറിയിച്ചു. അവർ പൊലീസിനെ വിവരമറിയിച്ചു. ഇരുട്ടത്ത് വാനിന് അടുത്തേക്ക് എത്തിക്കുകയായിരുന്നു വലിയ വെല്ലുവിളി. എന്നാൽ, നാട്ടുകാരുടെ പിന്തുണയോടെ വേഗം ബോട്ടിനടുത്തേക്ക് എത്താനും ആളുകളെ രക്ഷിക്കാനും സാധിച്ചുവെന്ന് സ്ഥലം എസ്.പി പറഞ്ഞു.

Trending :

ചന്ദ(21) ഇയാളുടെ മകൾ റുത്‍വി(6), മംമ്ത(25) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൾ നാല് വയസുള്ള ഖുശിയെയാണ് കാണാതായത്. സമാന സംഭവത്തിൽ ആറ് പേർ സുക്ദി നദിയിൽ ഒലിച്ച് പോയി. ഇവർ സഞ്ചരിച്ച ജീപ്പ് നദിയിൽ വീണാണ് അപകടമുണ്ടായത്. ഇതിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മറ്റ് മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്.