വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസ് : സ്ത്രീത്വത്തെ അപമാനിച്ച സംഭവം ഗൗരവമുള്ളത്, ബെയ് ലിന്‍ ദാസിൻ്റെ ജാമ്യത്തെ എതിർത്ത് പ്രോസിക്യൂഷൻ, 19 ലേക്ക് മാറ്റി

03:50 PM May 17, 2025 |



തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അറസ്റ്റിലായ സീനിയര്‍ അഭിഭാഷകന്‍ ബെയ് ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയാൻ ഈ മാസം 19ലേക്ക് മാറ്റി. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 12 ആണ് ഇന്ന് ജാമ്യ ഹർജി പരിഗണിച്ചത്. ഇരുവിഭാഗങ്ങളുടേയും വാദ പ്രതിവാദങ്ങൾക്ക് പിറകെയാണ് വിധി പറയാൻ തിങ്കളാഴ്ച്ചയിലേക്ക് മാറ്റിയത്. ജാമ്യഹർജിയെ ഇന്നും പ്രോസിക്യൂഷൻ എതിർത്തു. സ്ത്രീത്വത്തെ അപമാനിച്ച സംഭവം ഗൗരവമുള്ളത് തന്നെ എന്ന് പ്രോസിക്യൂഷൻ വീണ്ടും നിരീക്ഷിച്ചു.

ഇന്നലെ ജില്ലാ സെഷന്‍സ് കോടതി ബെയ്‍‍ലിന്‍ ദാസിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പ്രതിയെ പൊലീസ് അറസ്റ്റുചെയ്തത്. രണ്ടുദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ വാഹനം പിന്തുടര്‍ന്നാണ് പിടികൂടിയത്. ഓഫീസിലുണ്ടായ തര്‍ക്കത്തിനിടെ തന്‍റെ മുഖത്ത് പരാതിക്കാരിയാണ് ആദ്യം അടിച്ചതെന്നും അപ്പോഴാണ് തിരിച്ചടിച്ചതെന്നുമാണ് പ്രതി പൊലീസിനോട് പറ‍ഞ്ഞത്. 

ഒരു വക്കീൽ ഓഫീസിന് ഉള്ളിൽ നടന്ന രണ്ട് ജൂനിയർ അഭിഭാഷകരുടെ തർക്കം, അതാണ് ഇത്തരം സംഭവത്തിൽ കലാശിച്ചതെന്ന് പ്രതിഭാ​ഗവും വാദിച്ചു. സുപ്രീംകോടതി വരെ ഇത്തരം സംഭവങ്ങൾ പരിഗണിച്ചത് പരിശോധിക്കണമെന്നും എന്ത് ഉപാധിയോട് ആണെങ്കിലും ജാമ്യം നൽകണമെന്നും പ്രതിഭാ​ഗം ആവശ്യപ്പെട്ടു. എന്നാൽ ഇരു ഭാഗങ്ങളുടേയും വാദം കേട്ട കോടതി ജാമ്യം 19ലേക്ക് മാറ്റുകയായിരുന്നു.