രാജ്യത്ത് കേന്ദ്ര ബജറ്റിന്റെ ചർച്ചകൾ മുറുകുന്നതിനിടെ മറ്റൊരു വൻ പ്രഖ്യാപനവുമായി കേന്ദ്ര റെയിൽവേ- ഇലക്ട്രോണിക്സ്- ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യൻ റെയിൽവേ ശൃംഖല രാജ്യത്തെമ്പാടും വ്യാപിപ്പിക്കുമെന്നും ജനങ്ങൾക്ക് സുരക്ഷിതവും സുഖപ്രദവുമായ ട്രെയിൻ യാത്ര ഉറപ്പാക്കുമെന്നും ഇതിനായുളള തുക വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ 200 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ, 100 അമൃത് ഭാരത് ട്രെയിനുകൾ, 50 നമോ ഭാരത് റാപ്പിഡ് റെയിൽ, 17,500 ജനറൽ നോൺ എസി കോച്ചുകൾ എന്നിവ രാജ്യത്ത് കൊണ്ടു വരുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കൂടാതെ 2025-26 സാമ്പത്തിക വർഷത്തെ ബജറ്റിൽ 2,52,000 കോടി രൂപ റെയിൽവേ മന്ത്രാലയത്തിന് വകയിരുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് നന്ദി പറഞ്ഞു.
പുതിയ ട്രെയിനുകളും ആധുനിക കോച്ചുകളും അനുവദിക്കുന്നത് സാധാരണക്കാരുടെയും, മധ്യവർഗത്തിൽപ്പെടുന്ന ആളുകളുടെയും യാത്ര കൂടുതൽ സൂഗമമാക്കും. റെയിൽവേ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി 4,60,000 കോടി രൂപയാണ് ഈ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുളളത്. സുരക്ഷയ്ക്ക് ഊന്നൽ നൽകിക്കൊണ്ട്, ഇന്ത്യൻ റെയിൽവേയുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ചെലവുകൾക്കായി 1,16,000 കോടി രൂപ ബജറ്റിൽ വകയിരുത്തുന്നു.ലോക്‌സഭയിൽ കേന്ദ്ര ബജറ്റ് അവതരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, ബജറ്റ് നിക്ഷേപത്തിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, ആദായനികുതി ഭാരം കുറയ്ക്കുന്നത് മധ്യവർഗത്തിന് വലിയ ആശ്വാസം നൽകുമെന്നും മന്ത്രി പറഞ്ഞു.
സ്ട്രാറ്റജിക് ലൈനുകളുടെ പ്രവർത്തനത്തിലെ നഷ്ടപരിഹാരമായി 2025-26 ലെ ബജറ്റ് എസ്റ്റിമേറ്റിൽ 2,739.18 കോടി രൂപയായി നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ 2024-25 ലെ പുതുക്കിയ എസ്റ്റിമേറ്റിൽ ഇത് 2,602.81 കോടി രൂപയായിരുന്നു.
ദേശീയ പദ്ധതികൾക്കായി വിപണിയിൽ നിന്ന് വായ്പയെടുക്കുന്നതിന് ഈ സാമ്പത്തിക വർഷം 706 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.ഇതോടെ, കഴിഞ്ഞ സാമ്പത്തിക വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റിലെ 2,79,000 കോടിയിൽ നിന്ന് ഈ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റിൽ ഇന്ത്യൻ റെയിൽവേയുടെ അറ്റാദായ ചെലവ് 3,02,100 കോടി രൂപയായെന്നും അദ്ദേഹം പറഞ്ഞു.
ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ 1.6 ബില്യൺ ടൺ ചരക്ക് എത്തിക്കുന്ന റെയിൽവേയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ചരക്ക് ഗതാഗത മാർഗമായി ഇന്ത്യൻ റെയിൽവേ മാറും.അതിവേഗ ട്രെയിനുകളിൽ, 2047 ഓടെ മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയുള്ള 7,000 കിലോമീറ്റർ അതിവേഗ റെയിൽ ശൃംഖലയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.