ഗുണ്ടകളും കൊലയാളികളും ഉള്‍പ്പെടെയുളള ക്രിമിനലുകളുടെ സംഘമായി കേരളത്തിലെ സിപിഐഎം : വി ഡി സതീശന്‍

09:15 AM May 15, 2025 |


കണ്ണൂര്‍ : മലപ്പട്ടത്തുണ്ടായ സിപിഐഎം-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗുണ്ടകളും കൊലയാളികളും ഉള്‍പ്പെടെയുളള ക്രിമിനലുകളുടെ സംഘമായി കേരളത്തിലെ സിപിഐഎം പൂര്‍ണമായി മാറിയെന്ന് വ്യക്തമാക്കുന്ന സംഭവമാണ് ഇന്നലെ മലപ്പട്ടത്ത് ഉണ്ടായതെന്ന് വി ഡി സതീശന്‍ പറഞ്ഞു.

ആഭ്യന്തര വകുപ്പിന്റെ ചുമതലയുളള മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലയില്‍ സിപി ഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലത്തിലാണ് സിപിഐഎം ക്രിമിനലുകള്‍ പൊലീസ് നോക്കിനില്‍ക്കെ പ്രാകൃതമായ രീതിയില്‍ ആക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

പിണറായി വിജയനും എംവി ഗോവിന്ദനും സ്വന്തം പാര്‍ട്ടിയിലെ ക്രിമിനലുകളെ നിയന്ത്രിക്കാന്‍ ശ്രമിക്കണമെന്നും എത്ര ഭീഷണി മുഴക്കിയാലും കോണ്‍ഗ്രസ് മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഏത് പാര്‍ട്ടി ഗ്രാമത്തിലും കോണ്‍ഗ്രസ് കടന്നുവരുമെന്നും പാര്‍ട്ടി ക്രിമിനലുകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും ഇറക്കി തടുക്കാമെന്ന് ഒരു സിപിഐഎം നേതാവും കരുതേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.