പറവൂർ: സി.പി.എം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നയരേഖയെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ചത് നയരേഖയല്ലെന്നും അവസരവാദരേഖയാണെന്നും വി.ഡി. സതീശൻ വിമർശിച്ചു.
കാലത്തിനൊത്തമാറ്റം എന്ന് സി.പി.എം പറയുന്നതിനെ അവസരവാദം എന്നും പറയാം. സി.പി.എം ജീവിതകാലത്ത് പറഞ്ഞ മുഴുവൻ കാര്യങ്ങളും ഇപ്പോൾ തിരുത്തി കൊണ്ടിരിക്കുകയാണ്. നാട് മുഴുവൻ സമരം ചെയ്ത് കുളമാക്കിയ ആളുകളാണ് ഇവർ. സംസ്ഥാന സമ്മേളനം അവസാനിച്ച ശേഷം ഈ വിഷയത്തിൽ വിശദമായി സംസാരിക്കാമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
ഇടത് സർക്കാറിന്റെ ദുർഭരണവും മിസ്മാനേജ്മെന്റും കൊണ്ട് കേരളത്തെ തകർത്തതിന് ശേഷം നയംമാറ്റത്തിലൂടെ സെസും ഫീസും ഏർപ്പെടുത്തി ജനങ്ങളെ കൊല്ലാൻ വരുകയാണ്. സാധാരണക്കാരായ ജനങ്ങളുടെ മീതേ ഫീസ് ഏർപ്പെടുത്തുകയാണ്. സർക്കാറിന്റെ ദുർഭരണത്തിന് ബലിയാടാകുന്നത് സാധാരണക്കാരായ മനുഷ്യരാണ്. ജീവിക്കാൻ പാടുപെട്ട് മനുഷ്യർ നിൽക്കുമ്പോഴാണ് വീണ്ടും നികുതിയും സെസും ഫീസും കൂട്ടുന്നത്.
ഇവരുടെ ദുര്‍ഭരണത്തിന് ബലിയാടാകുന്നത് ജീവിക്കാന്‍ നിവൃത്തിയില്ലാത്ത സാധാരണ മനുഷ്യരാണ്. ഇവര്‍ പെന്‍ഷനും ക്ഷേമനിധിയും നല്‍കാത്ത ആളുകളില്‍ നിന്നു തന്നെയാണ് വീണ്ടും സെസും ഫീസും വാങ്ങാന്‍ പോകുകയാണ്. ഭരണത്തുടര്‍ച്ചയെന്നത് അവരുടെ ആഗ്രഹമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി സ്വപ്നം കാണുന്നതില്‍ തെറ്റില്ല. തോറ്റു പോകട്ടെന്ന് ഒരു സംസ്ഥാന സമ്മേളനത്തിന് തീരുമാനിക്കാനാകില്ല.
എല്ലാ കാര്യത്തിലുമുള്ള നയത്തില്‍ മാറ്റം വരുത്തുന്നത് നല്ലതല്ല. അങ്ങനെ വന്നാല്‍ അത് വില്പനയാകും. ഡല്‍ഹിയില്‍ നടത്തുന്ന വില്പന തന്നെയാണ് ഇവിടെയും നടത്തുന്നത്. ഇവര്‍ ഇടതുപക്ഷമല്ല തീവ്രവലതുപക്ഷമാണ്. ഇവര്‍ ഇടതുപക്ഷമോ കമ്യൂണിസ്റ്റോ അല്ല. സംഘ്പരിവാര്‍ സര്‍ക്കാര്‍ ചെയ്യുന്നതു പോലെ ഇവര്‍ പ്ലാനില്‍ നിന്നും പിന്മാറി വന്‍കിട പദ്ധതികള്‍ക്കു പിന്നാലെ പോകുകയാണ്. കോണ്‍ഗ്രസിന് പ്ലാനിങ് ഉണ്ടായിരുന്നു. ഞങ്ങളുടെ എല്ലാ തീരുമാനങ്ങളും ഇടതുപക്ഷ സ്വഭാവമുള്ളതായിരുന്നു. കോണ്‍ഗ്രസാണ് തൊഴിലുറപ്പ് പദ്ധതിയും എന്‍.ആര്.എച്ച്.എമ്മും വിദ്യാഭ്യാസ അവകാശ നിയമവും കൊണ്ടുവന്നതെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
കൊല്ലത്ത് നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിലാണ് ഇടതുനയങ്ങളിൽ കാതലായ മാറ്റങ്ങൾ നിർദേശിക്കുന്ന ‘നവകേരളത്തെ നയിക്കാൻ പുതുവഴികൾ’ എന്ന നയരേഖ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചത്. സർക്കാർ സേവനത്തിന് ആളുകളുടെ വരുമാനത്തിന് അനുസരിച്ച് വ്യത്യസ്ത ഫീസ് / സെസ് ഈടാക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ നിക്ഷേകർക്ക് കൈമാറുക എന്നിങ്ങനെ വിവാദ നിർദേശങ്ങളടങ്ങിയ രേഖയെ സമ്മേളന പ്രതിനിധികൾ ഒന്നടങ്കം പിന്തുണച്ചു.
പുതുവഴി രേഖ നടപ്പാകുമ്പോൾ സാമൂഹിക നീതി ഉറപ്പുവരുത്തണം, കാർഷിക, പരമ്പരാഗത തൊഴിൽ, ടൂറിസം മേഖലക്ക് ഊന്നൽ വേണം, പുതുതലമുറയെ ആകർഷിക്കാൻ കൃഷിയിൽ ആധുനികത കൊണ്ടുവരണം, സുഗന്ധവ്യഞ്ജനങ്ങളുടെ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കി വിപണി കണ്ടെത്തണം, വന്യജീവി ശല്യ പ്രതിരോധത്തിന് സമഗ്ര പദ്ധതി വേണം എന്നിങ്ങനെയാണ് പ്രതിനിധികൾ മുന്നോട്ടുവെച്ച നിർദേശങ്ങൾ. സമ്മേളനം അംഗീകരിക്കുന്ന രേഖ മുൻനിർത്തി മൂന്നാം പിണറായി സർക്കാർ ലക്ഷ്യമിട്ടുള്ള കാമ്പയിനാണ് സി.പി.എമ്മിന്റെ പദ്ധതി.