
തിരുവനന്തപുരം: മാല മോഷ്ടിച്ചെന്ന സംശയത്തെ തുടർന്ന് നിരപരാധിയായ ദലിത് യുവതിയെ 20 മണിക്കൂർ പൊലീസ് സ്റ്റേഷനിൽ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ വകുപ്പ് തല അന്വേഷണം നടത്തി ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരുവനന്തപുരം പേരൂർക്കട സ്റ്റേഷനിൽ ക്രൂരമായ മാനസിക പീഡനമാണ് ബിന്ദു എന്ന വീട്ടമ്മക്ക് നേരിടേണ്ടി വന്നത്.
പെൺമക്കളെ കേസിൽ കുടുക്കുമെന്ന് പൊലീസുകാർ ഭീഷണിപ്പെടുത്തി തന്നെക്കൊണ്ട് മോഷണക്കുറ്റം സമ്മതിപ്പിച്ചെന്നും ബിന്ദു വെളിപ്പെടുത്തിയിട്ടുണ്ട്. പിറ്റേ ദിവസം രാവിലെയോടെ കാണാതായ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചിട്ടും അത് മറച്ചുവച്ച് ഭീഷണിപ്പെടുത്താനാണ് എസ്.ഐ ശ്രമിച്ചതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വെള്ളം ചോദിച്ചപ്പോൾ ബാത്ത് റൂമിൽ പോയി കുടിക്കാൻ പറഞ്ഞെന്നും കസ്റ്റഡിയിലെടുത്ത വിവരം വീട്ടുകാരെ അറിയിച്ചില്ലെന്നതും പൊലീസിനെതിരായ ഗുരുതര ആരോപണങ്ങളാണ്. ജോലി കഴിഞ്ഞ് മടങ്ങവേ ബസ്റ്റോപ്പിൽ നിന്നാണ് ബിന്ദുവിനെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചത്. പൊലീസുകാരുടെ മാനസിക പീഡനം സഹിക്കാനാകാതെയാണ് ചെയ്യാത്ത കുറ്റം ആ പാവം സ്ത്രീക്ക് ഏറ്റെടുക്കേണ്ടി വന്നത്.
ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും ന്യായീകരിക്കാനാകില്ല. നിരപരാധിയായ ഒരു വീട്ടമ്മയെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുക്കാൻ ഈ പൊലീസുകാർക്ക് ആരാണ് അധികാരം നൽകിയത്? ആഭ്യന്തര വകുപ്പിൽ ചോദിക്കാനും പറയാനും ആരുമില്ലാത്തതാണ് ഇത്തരം വഴിവിട്ട നടപടികൾ എടുക്കാൻ പൊലീസുകാരെയും പ്രേരിപ്പിക്കുന്നത്. അമിത രാഷ്ട്രീയവത്ക്കരണമാണ് പൊലീസ് സേനയെ ഇത്തരം അധഃപതനത്തിലേക്ക് എത്തിച്ചത്.