കൊല്ലം: റാപ്പർ ‘വേടനെ‘തിരെ വേടർ മഹാസഭ രംഗത്ത്. ഹിരൺദാസ് മുരളി എന്നയാൾ വേടൻ എന്ന പദം ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഗിരിവർഗ വേടർ മഹാസഭ ആരോപിക്കുന്നത്. സംസ്ഥാനത്തെ മൂന്നേകാൽ ലക്ഷത്തോളം വരുന്ന വേടർ സമുദായാംഗങ്ങളുടെ ജീവിതരീതികളെയും സംസ്കാരത്തേയും ജാതീയതയെയും തെറ്റായി ഉപയോഗിക്കുകയാണ് ഹിരൺ ദാസ് ചെയ്യുന്നതെന്ന് ഗിരിവർഗ വേടർ മഹാസഭ സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
വേടൻ എന്ന പദം ഉപയോഗിക്കുന്നത് പിൻവലിച്ച് പരസ്യമായി മാപ്പ് പറയാത്തപക്ഷം 25 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യുമെന്ന് കാണിച്ച് ഹിരൺ ദാസിന് വക്കീൽ നോട്ടീസയച്ചു.കൊല്ലത്തെ അഭിഭാഷകൻ പനമ്പിൽ എസ്. ജയകുമാർ മുഖേന വേടർ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി ശാസ്താംകോട്ട മണിയാണ് വക്കീൽ നോട്ടീസയച്ചത്.
അതേസമയം, തന്നെ പ്രതിയാക്കിയ പുലിപ്പല്ല് കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതിൽ പ്രതികരണവുമായി റാപ്പർ വേടൻ. സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നത് പോലെ തോന്നിയെന്നും ശിക്ഷിക്കുന്നത് ശരിയല്ലെന്നും വേടൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കോടനാട് ഫോറസ്റ്റ് ഓഫീസിലെത്തിയപ്പോഴായിരുന്നു വേടൻറെ പ്രതികരണം.