+

നന്തന്‍കോട് കൂട്ടക്കൊല കേസില്‍ വിധി ഇന്ന്

അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും പ്രതിയായ കേദല്‍ ജിന്‍സന്‍ രാജ വെട്ടികൊന്ന് ചുട്ടെരിച്ചുവെന്നാണ് കേസ്. 

നന്തന്‍കോട് കൂട്ടക്കൊല കേസിന്റെ വിധി ഇന്ന് പറയും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനാണോയെന്ന് പറയുക. കുടുംബത്തോടുളള അടങ്ങാത്ത പക കാരണം അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും പ്രതിയായ കേദല്‍ ജിന്‍സന്‍ രാജ വെട്ടികൊന്ന് ചുട്ടെരിച്ചുവെന്നാണ് കേസ്. 

അച്ഛന്‍ പ്രോഫ.രാജാ തങ്കം, അമ്മ ഡോ.ജീന്‍പത്മം, സഹോദരി കരോളിന്‍, ബന്ധുവായ ലളിത എന്നിവരെയാണ് കേദല്‍ കൊന്നത്. 2017 ഏപ്രില്‍ അഞ്ചിനാണ് മൂന്നു പേരെ കൊലപ്പെടുത്തിയത്. ലളിതയെ അടുത്ത ദിവസം കൊന്നു. ഏപ്രില്‍ എട്ടിന് രാത്രി മൃതദേഹങ്ങള്‍ക്ക് തീവച്ചപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. ചെന്നൈയിലേക്ക് രക്ഷപ്പെട്ട കേദല്‍ നാട്ടില്‍ തിരികെ എത്തുമ്പോഴാണ് അറസ്റ്റ് ചെയ്തത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍, വീട് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോടതി വിധി പ്രസ്താവിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. 

ദീര്‍ഘനാളുകളായുള്ള ആസൂത്രണത്തിനൊടുവിലാണ് കേദല്‍ ജിന്‍സണ്‍ രാജ കുടുബാംഗങ്ങളെ അരുംകൊല ചെയ്തതെന്നാണ് പ്രോസക്യൂഷന്‍ കേസ്. ഒരു കമ്പ്യൂട്ടര്‍ പ്രോഗാം ചെയ്തിട്ടുണ്ടെന്നും കാണണമെന്നും പറഞ്ഞ് രണ്ടാം നിലയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു കൊലപാതകം. കമ്പ്യൂട്ടിന് മുന്നില്‍  കസേരയില്‍ ഇരുത്തിയ ശേഷം പിന്നില്‍ നിന്നും മഴുകൊണ്ട് കഴുത്തില്‍ വെട്ടുകയായിരുന്നു. ഓണ്‍ലൈന്‍ വഴി മഴു വാങ്ങിയെന്നാണ് കണ്ടെത്തല്‍. പെട്രോള്‍ വാങ്ങികൊണ്ട് വന്ന് മൃതദേഹങ്ങള്‍ ചുട്ടെരിച്ച ശേഷം കേദല്‍ രക്ഷപ്പെടുകയായിരുന്നു. അസ്ട്രല്‍ പ്രോജക്ഷന്‍ എന്ന ആഭിചാരത്തില്‍ ആകൃഷ്ടനായിരുന്നു എന്ന് മൊഴി നല്‍കിയത് രക്ഷപ്പെടാനുള്ള കേദലിന്റെ തന്ത്രമായിരുന്നു എന്നാണ് പൊലീസ് വാദം. ഡോക്ടര്‍മാരുടെ പരിശോധനയില്‍ പ്രതിക്ക് മാനസിക പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് കണ്ടെത്തി. 
കേദലിനെ രണ്ട് തവണ വിദേശത്തേക്ക് പഠിക്കാന്‍ അയച്ചിരുന്നു. പഠനം പൂര്‍ത്തിയാകാതെ തിരിച്ചെത്തി വീട്ടിനുള്ളില്‍ കഴിഞ്ഞ കേദലിനെ അച്ഛന്‍ വഴക്കു പറഞ്ഞിരുന്നു. തുടര്‍ന്നുള്ള പ്രതികാരമാണ് കൂട്ടക്കൊലയില്‍ കലാശിച്ചതെന്നാണ് പ്രോസിക്യൂഷന്‍ വാദം. 

facebook twitter