വിടുതലൈ 2 വിന് ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന സിലമ്പരസൻ ചിത്രം അരസന്റെ പ്രോമോ വീഡിയോ പുറത്ത്. വെട്രിമാരന്റെ തന്നെ സൂപ്പർഹിറ്റ് ചിത്രം വടചന്നൈയുടെ തന്നെ യൂണിവേഴ്സിൽ ഉൾപ്പെടുന്ന ചിത്രമായ അരസനിൽ വടചന്നൈയിൽ പ്രേക്ഷകർ കണ്ടിട്ടുള്ള ചില കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടും എന്നാണ് റിപ്പോർട്ടുകൾ.
വടചെന്നൈയിൽ നായക വേഷം ചെയ്ത ധനുഷിന്റെ അൻപ് എന്ന കഥാപാത്രം അരസനിൽ എത്തുമോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. ഇരുവരുടെയും കരിയർ ആരംഭിച്ചത് മുതൽ പരസ്പര വൈരികളായി ആരാധകരാൽ കരുത്തപ്പെട്ട ധനുഷും, സിമ്പുവും ആദ്യമായി ഒന്നിക്കാൻ പോകുന്നതിന്റെ ആകാംക്ഷയിലാണ് തമിഴ് സിനിമാ പ്രേക്ഷകർ.
പ്രോമോ വിഡിയോയിൽ സംവിധായകൻ നെൽസനോട് സിമ്പുവിന്റെ കഥാപാത്രം ഒരു കേസിൽ അകപ്പെട്ട കഥ സിനിമയാക്കാനെന്ന പോലെ ഒരു കോടതി മുട്ടാത്ത് നിന്ന് പറയുന്നതാണ് പ്രധാന രംഗങ്ങൾ. പിന്നീട വിചാരണയ്ക്കായി കോടതിക്കുള്ളിൽ ചെല്ലുന്ന സിമ്പു 3 പേരെ കൊലപ്പെടുത്തി എന്ന ആരോപണം നിഷേധിക്കുന്നു.
എന്നാൽ ഒപ്പം ഫ്ലാഷ്ബാക്കിലെന്ന പോലെ കാണിക്കുന്ന രംഗത്തിൽ സിമ്പു ദേഹമാകെ രക്തവും കയ്യിൽ കത്തിയും ഏന്തി രാത്രിയിൽ നടന്നു വരുന്നതും കാണിക്കുന്നുണ്ട്. ഈ രംഗങ്ങൾ വടചെന്നൈയിലെ ധനുഷിന്റെ ചെറുപ്പം കാണിക്കുന്ന അതേ സമയം നടക്കുന്നതാണ് എന്നാണ് ആരാധകർ പറയുന്നത്.
മാത്രമല്ല പ്രസ്തുത രംഗങ്ങളിലെ ധനുഷിന്റെ ഹെയർ സ്റ്റൈൽ ആയ ഫങ്ക് ആണ് സിമ്പുവിനും ടീസറിലെ ഈ പ്രധാന രംഗത്തിൽ കാണിക്കുന്നത്. എന്നാൽ കോടതി രംഗത്തിൽ അല്പം പ്രായമായ പരുവത്തിലാണ് സിമ്പുവിനെ കാണിച്ചിരിക്കുന്നത്. വടചെന്നൈയിൽ നിന്നും വ്യത്യസ്തമായി അരസന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് അനിരുദ്ധ് ആണെന്നത് ശ്രദ്ധേയമാണ്. സിമ്പുവും അനിരുദ്ധ് രവിചന്ദറും ആദ്യമായി ഒന്നിക്കുന്ന ഫീച്ചർ ഫിലിം ആണ് അരസൻ