മലയാളത്തിന്റെ കൂടി ദളപതിയാണ് നടൻ വിജയ്. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ രസിപ്പിച്ചും ത്രസിപ്പിച്ചും ഒട്ടനവധി സിനിമകൾ സമ്മാനിച്ച വിജയ്, വെള്ളിത്തിരയോട് വിടപറയാൻ ഒരുങ്ങുകയാണ്. ജനനായകൻ എന്ന സിനിമയോടെ താൻ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് നടൻ തന്നെയാണ് അറിയിച്ചതും. ഈ പ്രഖ്യാപനം ചെറുതല്ലാത്ത ആഘാതം തന്നെയാണ് ആരാധകരിൽ ഉണ്ടാക്കിയിരിക്കുന്നത്. ജനനായകൻ അണിയറയിൽ ഒരുങ്ങുന്നതിനിടെ വിജയിയുടെ ഒരു സിനിമ വീണ്ടും തിയറ്ററുകളിലേക്ക് വരാൻ ഒരുങ്ങുകയാണ്.
2011ൽ റിലീസ് ചെയ്ത വേലായുധം ആണ് റി റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. തിരുവനന്തപുരം പത്മനാഭ തിയറ്ററിൽ മാത്രമാണ് റി റിലീസ്. ജൂലൈ 27ന് രാവിലെ ഏഴരയ്ക്ക് ആണ് ഷോ. തിരുവനന്തപുരം വിജയ് ഫാൻസ് ഡിസ്ട്രിക്ട് കമ്മിറ്റിയാണ് വേലായുധം വീണ്ടും തിയറ്ററിലേക്ക് എത്തിക്കുന്നത്. റി റിലീസ് പോസ്റ്റർ വേലായുധത്തിൽ വിജയിയുടെ സഹോദരിയായി എത്തിയ ശരണ്യയ്ക്ക് സംഘാടകർ കൈമാറി.
മോഹൻ രാജയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രമായിരുന്നു വേലായുധം. 45 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ആഗോളതലത്തിൽ നേടിയത് 65.60 കോടിയാണെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ നിന്നും 7.60 കോടി നേടിയ സിനിമ 39.60 കോടിയാണ് തമിഴ്നാട്ടിൽ നിന്നും സ്വന്തമാക്കിയത്. കർണാടക 2.55 കോടി, ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്ന് ഒരുകോടി, ഓവർസീസ് 14.85 കോടി എന്നിങ്ങനെയാണ് കളക്ഷൻ റിപ്പോർട്ട്. വേലായുധം എന്ന ടൈറ്റിൽ റോളിൽ വിജയ് എത്തിയ ചിത്രത്തിൽ ഹൻസിക, ജെനീലിയ, സന്താനം, സൂരി, അഭിമന്യു സിംഗ്, വിനീത് കുമാർ തുടങ്ങി നിരവധി പേർ പ്രധാന വേഷത്തിൽ എത്തിയിരുന്നു. അതേസമയം, ജനനായകന്‍ 2026 ജനുവരിയില്‍ റിലീസ് ചെയ്യും.