ന്യൂഡല്‍ഹി: മുന്‍ ഒളിമ്പിക് മെഡല്‍ ജേതാവായ ബോക്സര്‍ വിജേന്ദര്‍ സിംഗ് ക്രിക്കറ്റ് കളിക്കാര്‍ പ്രായം കുറച്ചുകാണിക്കുന്നെന്ന ആരോപണവുമായി രംഗത്തെത്തി. ഇപ്പോള്‍ ക്രിക്കറ്റില്‍ കളിക്കാന്‍ വയസ്സ് കുറച്ച് കാണിക്കുന്നവരും ഉണ്ട് എന്നാണ് വിജേന്ദറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
ആരുടേയും പേര് വെളിപ്പെടുത്തിയില്ലെങ്കിലും 14 വയസ്സുള്ള വൈഭവ് സൂര്യവംശി എന്ന കളിക്കാരനെക്കുറിച്ചാണെന്ന് ഉറപ്പാണ്. കഴിഞ്ഞദിവസം നടന്ന ഐപിഎല്‍ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനായി 35 പന്തില്‍ സെഞ്ചുറി നേടിയതിന് തൊട്ടുപിന്നാലെയാണ് വിജേന്ദറിന്റെ പരാമര്‍ശം. വൈഭവിന് 14 വയസ് അല്ല പ്രായമെന്ന ആരോപണം നേരത്തെ ഉണ്ടായിരുന്നു.
14 വയസ്സും 32 ദിവസവും പ്രായമുള്ള സൂര്യവംശി, ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. സോഷ്യല്‍ മീഡിയയില്‍ ചില ഉപയോക്താക്കള്‍ ഒരു പഴയ അഭിമുഖ വീഡിയോ ചൂണ്ടിക്കാട്ടി, സൂര്യവംശി കൂടുതല്‍ പ്രായമുള്ളവനാണെന്ന് അവകാശപ്പെട്ടിരുന്നു. ഇക്കാര്യം അമ്പേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ കായികരംഗത്ത്, പ്രത്യേകിച്ച് ജൂനിയര്‍, വയസ്സ് വിഭാഗ മത്സരങ്ങളില്‍, വയസ്സ് തെറ്റായി കാണിക്കുന്നത് മത്സരനേട്ടത്തിനായാണെന്ന് ആരോപണമുണ്ട്. വിജേന്ദറിന്റെ പരാമര്‍ശത്തോടെ ബിസിസിഐ വിഷയത്തില്‍ പ്രതികരിച്ചേക്കും. നേരത്തെ, വൈഭവിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ വ്യക്തമായ തെളിവുകള്‍ രക്ഷിതാക്കള്‍ ഹാജരാക്കിയിരുന്നു.