+

വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം യുഎഇയില്‍ തന്നെ സംസ്‌കരിക്കും ; കുഞ്ഞിന്റെ സംസ്‌കാരം വൈകുന്നത് ഒഴിവാക്കാന്‍ വിട്ടുവീഴ്ചയെന്ന് വിപഞ്ചികയുടെ കുടുംബം

ദുബായ് ഇന്ത്യന്‍ കോണ്‍സുലറ്റില്‍ നടന്ന ചര്‍ച്ചയില്‍ കുഞ്ഞിനെ ഷാര്‍ജയില്‍ സംസ്‌കരിക്കണമെന്ന ഭര്‍ത്താവിന്റെ കുടുംബത്തിന്റെ ആവശ്യത്തിന് ഒടുവില്‍ വിപഞ്ചികയുടെ അമ്മയുള്‍പ്പടെ വഴങ്ങുകയായിരുന്നു.

ഷാര്‍ജയില്‍ മരിച്ച കൊല്ലം സ്വദേശി വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം യുഎഇയില്‍ തന്നെ സംസ്‌കരിക്കുന്നതില്‍ പ്രതികരിച്ച് വിപഞ്ചികയുടെ കുടുംബം. കുഞ്ഞിന്റെ സംസ്‌കാരം വൈകുന്നത് ഒഴിവാക്കാനാണ് വിട്ടുവീഴ്ച ചെയ്തതെന്ന് കുടുംബം പ്രതികരിച്ചു. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം ഇനിയും ഫ്രീസറില്‍ വെച്ച് കൊണ്ടിരിക്കാന്‍ വയ്യ. ഇതുവരെ മൃതദേഹം കാണാന്‍ പോലും പറ്റിയിട്ടില്ലെന്ന് കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.


ദുബായ് ഇന്ത്യന്‍ കോണ്‍സുലറ്റില്‍ നടന്ന ചര്‍ച്ചയില്‍ കുഞ്ഞിനെ ഷാര്‍ജയില്‍ സംസ്‌കരിക്കണമെന്ന ഭര്‍ത്താവിന്റെ കുടുംബത്തിന്റെ ആവശ്യത്തിന് ഒടുവില്‍ വിപഞ്ചികയുടെ അമ്മയുള്‍പ്പടെ വഴങ്ങുകയായിരുന്നു. തര്‍ക്കത്തില്‍ പെട്ട് സംസ്‌കാരം ഇനിയും അനിശ്ചിതമായി നീളാതിരിക്കാനാണ് വിപഞ്ചികയുടെ ഭര്‍ത്താവിന്റെ കുടുംബത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയത്. കുഞ്ഞിന്റെ സംസ്‌കാരത്തില്‍ വിപഞ്ചികയുടെ കുടുംബം പങ്കെടുക്കും. ശേഷം വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായതായി കുടുംബം അറിയിച്ചു. വിപഞ്ചികയുടെ മരണം ആത്മഹത്യ തന്നെ എന്നാണ് റിപ്പോര്‍ട്ട്. യുഎഇ നിയമത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ഇനി റീ പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്നും കുടുംബം പറഞ്ഞു. അനുകമ്പയോടെ ഒരു വാക്കുപോലും നിധീഷിന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. നാട്ടിലെ നിയമപോരാട്ടങ്ങള്‍ തുടരുമെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു. 

facebook twitter