താമരശ്ശേരിയിൽ നാലാം ക്ലാസുകാരിയുടെ മരണ കാരണം വൈറൽ ന്യുമോണിയ

10:20 AM Oct 17, 2025 |


കോഴിക്കോട് : താമരശ്ശേരിയിൽ നാലാം ക്ലാസുകാരിയായ കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം അല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. ഇൻഫ്ലുവൻസ എ അണുബാധയെ തുടർന്നുള്ള വൈറൽ ന്യൂമോണിയയാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച കേസിൽ നിലവിൽ ജയിലിലാണ്. സനൂപ് ജയിലിലായിരിക്കെയാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നത്.

നേരത്തെ, ഒൻപത് വയസുകാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചാണ് എന്നായിരുന്നു ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്. ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ, അനയയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് രേഖപ്പെടുത്തിയിരുന്നു. പോസ്റ്റ്‌മോർട്ടത്തിനായി കുട്ടിയുടെ നട്ടെല്ലിൽ നിന്ന് ശേഖരിച്ച സ്രവത്തിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയെന്നായിരുന്നു ആ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ, കുട്ടിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം മൂലമല്ലെന്ന് കുടുംബം ശക്തമായി വാദിച്ചിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് കുഞ്ഞിന് വേണ്ടത്ര ചികിത്സ കിട്ടിയില്ലെന്ന് ആരോപിച്ചാണ് സനൂപ് ഡോക്ടർ വിപിനെ വധിക്കാൻ ശ്രമിച്ചത്.