വിഷ്ണു വിശാലിന്റെ ആര്യന്റെ ട്രെയ്ലർ പുറത്ത്

09:06 PM Oct 20, 2025 | Kavya Ramachandran

പ്രവീൺ കെയുടെ സംവിധാനത്തിൽ വിഷ്ണു വിശാൽ നായകനാകുന്ന ‘ആര്യൻ’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. തെന്നിന്ത്യയാകെ തരംഗമായ രാക്ഷസൻ എന്ന സൈക്കോ ത്രില്ലറിന് ശേഷം വിഷ്ണു വിശാൽ നായകനാകുന്ന മറ്റൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ എന്നത് തന്നെയാണ് ആര്യന്റെ പ്രത്യേകത.

ചിത്രത്തിന്റെ ട്രെയ്‌ലർ കണ്ട പ്രേക്ഷകർ കമന്റ് ബോക്സിൽ പ്രതികരിക്കുന്നത് ആര്യൻ, രാക്ഷനെയാണ് ഓർമിപ്പിക്കുന്നത് എന്നതാണ്. രണ്ടും ഒരേ നടന്റെ തന്നെ സൈക്കോ ത്രില്ലർ ആണെന്ന് മാത്രമല്ല രണ്ടിലും ജിബ്രാന്റെ പശ്ചാത്തല സംഗീതമാണ് എന്നതും രാക്ഷസന്റെ ഫീൽ കിട്ടാൻ കാരണമാണ് എന്ന് ചിലർ പ്രതികരിച്ചു.

സംവിധായകനും നടൻ ധനുഷിന്റെ സഹോദരനും കൂടിയായ സെൽവരാഘവനാണ് ചിത്രത്തിൽ പ്രതിനായക വേഷം അവതരിപ്പിക്കുന്നത്. ചില പ്രത്യേക പേരുകൾ മാത്രം തിരഞ്ഞെടുത്ത് അവരെ നിഷ്ടൂരമായി കൊള്ളുന്ന ഒരു സൈക്കോ കൊലപാതകിയെ പിടികൂടാൻ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ആര്യൻ പറയുന്നത്.

ഇരുവർക്കുമൊപ്പം ശ്രദ്ധ ശ്രീനാഥ്, വാണി ഭോജൻ, മാല പാർവതി, കരുണാകരൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഹരീഷ് കണ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്ന ആര്യന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് സാൻ ലോകേഷാണ്. വിഷ്ണു വിശാൽ തന്നെ നിർമ്മിച്ചിരിക്കുന്ന ചിത്രം ഒക്ടോബർ 31ന് തിയറ്ററുകളിലെത്തും.