ചിത അടങ്ങും മുന്‍പേ വിഎസിനെ ആക്രമിക്കുകയാണ്; വിമര്‍ശനവുമായി എം സ്വരാജ്

07:50 AM Jul 29, 2025 | Suchithra Sivadas

വിഎസ് ലോകത്തെ ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റാണെന്നും ജീവിതത്തിലുടനീളം കമ്മ്യൂണിസ്റ്റ് രീതി അവലംബിച്ചുവെന്നും എം സ്വരാജ്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി അദ്ദേഹം സ്‌നേഹം പിടിച്ചുപറ്റി. ചിത അടങ്ങും മുന്‍പേ വിഎസിനെ ആക്രമിക്കുകയാണെന്നും ചില മാധ്യമങ്ങളാണ് അത് ചെയ്യുന്നതെന്നും സ്വരാജ് ആരോപിച്ചു. ആലപ്പുഴ കഞ്ഞിക്കുഴിയില്‍ നടന്ന വിഎസ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്വരാജ്.

വിഎസ് ഉയര്‍ത്തിപ്പിടിച്ച തെളിമയാര്‍ന്ന രാഷ്ട്രീയം വരുംകാലവും പാര്‍ട്ടിയെ നയിക്കും. വിഎസ് എന്ന രണ്ടക്ഷരത്തെ വിവാദത്തില്‍ കുരുക്കിയിടാന്‍ ശ്രമിക്കുകയാണ്. വിഎസിനെ ആക്രമിക്കുന്ന ശൈലി മാധ്യമങ്ങള്‍ അവസാനിപ്പിക്കണം. വിഎസ് ജീവിച്ചിരിക്കുന്നില്ല എന്ന ധൈര്യത്തില്‍ ആക്രമിക്കുകയാണ്. വിഎസ് ജീവിച്ചിരുന്നപ്പോള്‍ തന്നെ പറഞ്ഞവസാനിപ്പിച്ച വിവാദങ്ങള്‍ കുത്തിപ്പൊക്കുകയാണ്. വിഎസിനെ ആക്രമിക്കുന്ന ശൈലി മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും എം സ്വരാജ് ആവശ്യപ്പെട്ടു.

ആലപ്പുഴ സമ്മേളനത്തില്‍ വി എസ് അച്യുതാന്ദന് ക്യാപിറ്റല്‍ പണിഷ്മെന്റ് കൊടുക്കണമെന്ന് വനിതാ യുവ നേതാവ് പറഞ്ഞിരുന്നുവെന്ന സിപിഐഎം നേതാവ് സുരേഷ് കുറുപ്പിന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 'ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വി എസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാന്‍ പറ്റാതെ വി എസ് വേദി വിട്ട് പുറത്തേക്കിറങ്ങി'യെന്നാണ് സുരേഷ് കുറുപ്പ് വെളിപ്പെടുത്തിയത്.

മാതൃഭൂമി ദിനപത്രത്തിന്റെ വാരാന്തപതിപ്പില്‍ 'ഇങ്ങനെയൊക്കെയായിരുന്നു എന്റെ വി എസ്' എന്ന പേരിലെഴുതിയ ലേഖനത്തിലായിരുന്നു സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തല്‍. തിരുവനന്തപുരം സമ്മേളനത്തില്‍ കാപിറ്റല്‍ പണിഷ്‌മെന്റ് വാദം ഒരു യുവനേതാവ് ഉയര്‍ത്തിയെന്ന് പിരപ്പന്‍കോട് മുരളിയും പറഞ്ഞിരുന്നു.

അതേസമയം, സുരേഷ് കുറുപ്പിന്റെ വാദം തള്ളി നിരവധി നേതാക്കളും രംഗത്തെത്തി. സുരേഷ് കുറുപ്പ് എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ എഴുതിയതെന്ന് അറിയില്ലെന്നായിരുന്നു ചിന്ത ജെറോംമിന്റെ പ്രതികരണം. ആലപ്പുഴ സമ്മേളനം തന്റെ ആദ്യസമ്മേളനമാണ്. ക്യാപിറ്റല്‍ പണിഷ്മെന്റ് എന്നൊരു വാക്ക് സമ്മേളനത്തില്‍ ഉണ്ടായിട്ടില്ലെന്നും ചിന്ത ജെറോം പറഞ്ഞിരുന്നു. ഇല്ലാത്തൊരു വാക്ക് ആരും കേട്ടിട്ടില്ല. പാര്‍ട്ടിക്ക് പിന്തുണ കൂടി വരുന്ന ഘട്ടത്തിലാണ് ഇത്തരമൊരു കുപ്രചരണം എന്നും ചിന്ത ജെറോം പറഞ്ഞിരുന്നു.

എന്തുകൊണ്ടാണ് സുരേഷ് കുറുപ്പ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് അറിയില്ലെന്ന് ഡി കെ മുരളി എംഎല്‍എയും പറഞ്ഞു. പാര്‍ട്ടി സമ്മേളനത്തില്‍ മുഴുവന്‍ സമയവും പങ്കെടുത്തയാളാണ്. അത്തരമൊരു പരാമര്‍ശം സമ്മേളനത്തില്‍ ഉണ്ടായിട്ടില്ലെന്ന് ഡി കെ മുരളിയും പ്രതികരിച്ചു. സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി വി ശിവന്‍കുട്ടിയും കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.