വി എസിന്റെ ചിത്രം വരച്ച് പൂക്കളമൊരുക്കി; ആദരവ് അര്‍പ്പിച്ച് വി ശിവന്‍കുട്ടിയുടെ ഓഫീസ്

07:41 AM Sep 02, 2025 |


അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ചിത്രം വരച്ച് പൂക്കളം തീര്‍ത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഓഫീസ്. വി എസ് അച്യുതാനന്ദനോടുള്ള ആദരവായാണ് ചിത്രം പൂക്കളമായി ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രിയുടെ ഓഫീസ് പറഞ്ഞു.

ഓണത്തിന് മുന്‍ വര്‍ഷങ്ങളിലും മന്ത്രിയുടെ ഓഫീസ് വേറിട്ട പൂക്കളങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയിരുന്നു. 2023ലെ ഓണത്തിന് അന്തരിച്ച സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ചിത്രം പൂക്കളമായി ഒരുക്കിയതും ശ്രദ്ധ നേടിയിരുന്നു. ഈ ഓണത്തിന് വി എസിനുള്ള ആദരാഞ്ജലിയാണ് പൂക്കളമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

'സഖാവ് വി എസ് അച്യുതാനന്ദന്‍ എന്ന അതുല്യനായ നേതാവിന്റെ ചിത്രം പൂക്കളമായി ഒരുക്കിയാണ് ഞങ്ങള്‍ അദ്ദേഹത്തിന് സ്നേഹാദരങ്ങള്‍ അര്‍പ്പിച്ചത്. വി എസ് നമ്മെ വിട്ടുപിരിഞ്ഞതിന് ശേഷമുള്ള ആദ്യ ഓണമാണിത്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം. 2023ല്‍ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ചിത്രം പൂക്കളമായി ഒരുക്കിയിരുന്നു. ഈ പൂക്കളം ഒരുക്കാന്‍ മുന്‍കൈയെടുത്ത എന്റെ ഓഫീസ് ജീവനക്കാര്‍ക്ക് പ്രത്യേക നന്ദി', വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.