സ്ലീപ്പർ, എ.സി കോച്ചുകളിൽ ഇനി വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി യാത്ര ചെയ്യാൻ അനുവദിക്കില്ല

06:25 PM May 02, 2025 | Neha Nair

തിരുവനന്തപുരം: ഇനി മുതൽ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുള്ളവരെ ട്രെയിനുകളിലെ സ്ലീപ്പർ, എ.സി കോച്ചുകളിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല. ജനറൽ (റിസർവ് ചെയ്യാത്ത) കമ്പാർട്ട്മെന്റുകളിൽ മാത്രമേ ഇനി വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി യാത്ര ചെയ്യാൻ അനുവാദമുള്ളൂ. ഇന്നലെ മുതൽ ഈ ചട്ടം പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. റിസർവ് ചെയ്ത സ്ലീപ്പർ – എസി കോച്ചുകളിൽ വെയിറ്റിംഗ് ടിക്കറ്റുകളുമായി കയറുന്ന യാത്രക്കാർക്ക് റെയിൽവെ ഇനി മുതൽ പിഴ ചുമത്തും.

ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാരുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കാനാണ് റെയിൽവേയുടെ ഈ നടപടി. ഇതുകൂടാതെ മുൻകൂട്ടിയുള്ള റിസർവേഷനിലും ഓൺലൈൻ ബുക്കിങ്ങിലും ഇന്നലെ മുതൽ റെയിൽവേ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള അഡ്വാൻസ് റിസർവേഷൻ കാലയളവ് 120 ദിവസത്തിൽ നിന്ന് 60 ദിവസമായി കുറച്ചു. ഇതോടെ 4 മാസം മുൻപ് വരെ റിസർവേഷൻ സാധ്യമായിരുന്നതിന് പകരം യാത്രക്കാർക്ക് ഇപ്പോൾ 60 ദിവസം മുൻകൂട്ടി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ.