ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മൂന്നിലൊന്നായി കുറഞ്ഞു. അണക്കെട്ടിൽ വെള്ളിയാഴ്ച അവശേഷിക്കുന്നത് 2332.76 അടി ജലമാണ്. ഇത് സംഭരണ ശേഷിയുടെ 33 ശതമാനം ജലമാണ്.
കഴിഞ്ഞ വർഷം ഇതേ സമയം 34 ശതമാനം ജലം അവശേഷിച്ചിരുന്നു. കടുത്ത വേനലിൽ നീരൊഴുക്ക് കുറഞ്ഞതും വേനൽ മഴയിലെ കുറവുമാണ് ജലനിരപ്പ് താഴാൻ കാരണം. ഇതോടൊപ്പം മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉൽപാദനം വർധിപ്പിച്ചതും ജലനിരപ്പ് ഗണ്യമായി താഴാൻ കാരണമായി. ഇടുക്കി അണക്കെട്ടിലെ ജലം ഉപയോഗിച്ച് വെള്ളിയാഴ്ച 13.642 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. അണക്കെട്ടിലെ നിലവിലെ ജലം ഉപയോഗിച്ച് ഇനി 711.02 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കും.
സംസ്ഥാനത്തെ വൈദ്യുതി വകുപ്പിൻറെ ഡാമുകളിൽ എല്ലാം കൂടി അവശേഷിക്കുന്നത് 31 ശതമാനം ജലമാണ്. ഇത് ഉപയോഗിച്ച് 1266.023 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും. പകൽ കനത്ത ചൂട് തുടരുന്നതിനാൽ വൈദ്യുതി ഉപഭോഗം പരമാവധിയിലാണ്.
98.82 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. ഇതിൽ 65.75 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറം സംസ്ഥാനങ്ങളിൽ നിന്നും വാങ്ങിയതാണ്. 33.0672 ദശലക്ഷം യൂണിറ്റ് മാത്രമാണ് ആഭ്യന്തര വൈദ്യുതി ഉൽപാദനം. ഞായറാഴ്ച രാവിലെ എട്ടുമുതൽ തിങ്കളാഴ്ച എട്ടു വരെയുള്ള ഉപയോഗക്കണക്കാണിത്.