കൊച്ചി: പാരഫിന്‍ വാക്സിന്റെ വില വര്‍ധന മൂലം സംസ്ഥാനത്ത് മെഴുകുതിരി നിര്‍മാണ മേഖല പ്രതിസന്ധിയില്‍. കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ റിഫൈനറിയും അസം ഓയില്‍ റിഫൈനറിയും ക്രൂഡ് ഓയില്‍ വില ഉയരാത്തപ്പോഴും മെഴുക് വില വര്‍ധിപ്പിക്കുന്നതാണ് പ്രതിസന്ധിക്ക് പിന്നിലെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
റിഫൈനറികള്‍ 2025 ജനുവരി മുതല്‍ മെഴുകിന് അന്‍പത് രൂപയോളം വില വര്‍ധിപ്പിച്ചിരുന്നു. ഇതോടെ ഒരു കിലോഗ്രാം മെഴുകിന്റെ വില 150 രൂപയോളമെത്തി.ഗാര്‍ഹിക-പ്രാര്‍ഥന ആവശ്യങ്ങള്‍ക്കായാണ് മെഴുകുതിരി ഉപയോഗിക്കുന്നത്. അശാസ്ത്രീയമായ വിലനിര്‍ണയം മെഴുകുതിരി വില ഉയരാനും ഉപഭോഗം കുറയാനും കാരണമാകുമെന്ന് കേരള കാന്‍ഡില്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. മെഴുക് വില കുറയ്ക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് വ്യവസായ മന്ത്രി പി. രാജീവിനോട് ആവശ്യപ്പെട്ടതായും സംഘടന അറിയിച്ചു.