ലക്കിടിയിൽ 103 മില്ലിമീറ്റർ മഴ : വൈത്തിരിയിൽ മണ്ണിടിച്ചിൽ :നാളെ വയനാട്ടിൽ റെഡ് അലർട്ട്

11:02 PM May 24, 2025 | Desk Kerala

കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴ തുടങ്ങി. ലക്കിടിയിൽ 103 മില്ലിമീറ്റർ മഴ ലഭിച്ചു. വൈത്തിരി ചാരിറ്റിയിൽ മണ്ണിടിഞ്ഞു. ആർക്കും പരിക്കില്ല. സ്വകാര്യ സ്ഥലത്തെ സംരക്ഷണ മതിലാണ് ഇടിഞ്ഞത്. 

ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവ്

കേന്ദ്ര കാലാവസ്ഥ വകുപ്പ്  ജില്ലയില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍  ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉത്തരവിട്ടു

ജില്ലയില്‍ ഞായറാഴ്ച  റെഡ് അലര്‍ട്ട്

കേന്ദ്ര കാലാവസ്ഥ വകുപ്പ്  ജില്ലയില്‍ ഞായറാഴ്ച  (മെയ് 25) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍  ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.

അതിതീവ്ര മഴ: ടൂറിസം കേന്ദ്രങ്ങൾ അടയ്ക്കാൻ ഉത്തരവ്

ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ലഭിച്ചതിനാൽ റെഡ് സോണിനോട് ചേർന്ന പ്രദേശങ്ങളിലെയും ദുരന്ത ഭീഷണിയുള്ള മറ്റ് പ്രദേശങ്ങളിലെയും അഡ്വഞ്ചർ ടൂറിസം കേന്ദ്രങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ട്രക്കിംഗ് കേന്ദ്രങ്ങൾ, എടക്കൽ ഗുഹ, എൻ ഊര് വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കാൻ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു.   സുരക്ഷിത സ്ഥലങ്ങളിലെ ടൂറിസം കേന്ദ്രങ്ങൾക്ക് പതിവുപോലെ പ്രവർത്തിക്കാം.