+

ആർദ്രം പദ്ധതിയിൽ വയനാട് ജില്ലയിൽ നവീകരിച്ചത് 29 ആശുപത്രി കെട്ടിടങ്ങൾ

ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലയിൽ പുനർനിർമിച്ചത് 29ആശുപത്രി കെട്ടിടങ്ങൾ.നാല് പ്രധാന ആശുപത്രികൾ,  രണ്ട് ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രങ്ങൾ,  23 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയാണ് നവീകരണം പൂർത്തിയാക്കിയത്.

വയനാട്   : ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലയിൽ പുനർനിർമിച്ചത് 29ആശുപത്രി കെട്ടിടങ്ങൾ.നാല് പ്രധാന ആശുപത്രികൾ,  രണ്ട് ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രങ്ങൾ,  23 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയാണ് നവീകരണം പൂർത്തിയാക്കിയത്.  25 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 4 ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 4 പ്രധാന ആശുപത്രികൾ എന്നിങ്ങനെ 33 ആരോഗ്യ സ്ഥാപനങ്ങളാണ് പദ്ധതി പ്രകാരം നവീകരിക്കേണ്ടത്.  

ഇതിൽ പ്രധാന ആശുപത്രികളിൽ (കൽപ്പറ്റ ജനറൽ ആശുപത്രി, മാനന്തവാടി ജില്ലാ ആശുപത്രി, സുൽത്താൻ ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികൾ) 100 ശതമാനം നവീകരണ പ്രവൃത്തി പൂർത്തിയായപ്പോൾ കുടുംബാരോഗ്യ കേന്ദ്രങ്ങൾ 92 ശതമാനവും ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രങ്ങൾ 50  ശതമാനവുമാണ് നവീകരണം പൂർത്തിയാക്കിയത്.  

സെപ്റ്റംബറോടെ ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം 75 ശതമാനം പൂർത്തിയാക്കലാണ് ലക്ഷ്യം.ആർദ്രം പദ്ധതിയിൽ തന്നെ ഉൾപ്പെടുത്തി നടപ്പാക്കുന്ന, ഹബ് ആൻഡ് സ്പോക്ക് ശൃംഖല സജ്ജമാക്കുന്ന നിർണയ ലാബ് നെറ്റ്‌വർക്ക് വയനാട് ജില്ലയിൽ 100 ശതമാനം പൂർത്തിയായി. ആകെ 35 സ്ഥാപനങ്ങളെയാണ് നിർണയ ലാബ് നെറ്റ്‌വർക്ക് പ്രവർത്തനത്തിനായി തെരഞ്ഞെടുത്തത്.  

ആർദ്രം പദ്ധതിയിൽ തന്നെ ഐസൊലേഷൻ വാർഡുകളുടെ നിർമ്മാണവും ജില്ലയിൽ 100 ശതമാനം പൂർത്തിയായി.ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലായി സ്ഥിതി ചെയ്യുന്ന നല്ലൂർനാട് അംബേദ്കർ സ്മാരക ട്രൈബൽ ആശുപത്രി, മേപ്പാടി ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രം, പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഐസൊലേഷൻ വാർഡുകൾ.

ആർദ്രം വാർഷിക ആരോഗ്യ പരിശോധന ഒന്നാംഘട്ടത്തിൽ ജില്ലയിൽ 100 ശതമാനം സർവേ പൂർത്തിയായി. 30 ന് മുകളിൽ പ്രായമുള്ള 4,14,195 പേരിലാണ് പരിശോധന നടത്തിയത്. ഇതിൽ 90,062 പേരിൽ ജീവിതശൈലി രോഗ സാധ്യതയും 27,715 പേരിൽ പുതുതായി രക്താതിമർദ്ദവും 2,786 പേരിൽ പുതുതായി പ്രമേഹവും കണ്ടെത്തി.

രണ്ടാംഘട്ടത്തിൽ 30ന് മുകളിൽ പ്രായമുള്ള 93 ശതമാനം പേരിൽ ആരോഗ്യ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.  രണ്ടാം ഘട്ടത്തിൽ 1,52,102 പേരിൽ ജീവിതശൈലി രോഗ സാധ്യതയും 27,374 പേരിൽ പുതുതായി രക്താതിമർദ്ദവും 2,477 പേരിൽ പുതുതായി പ്രമേഹവും കണ്ടെത്തി. വാർഷിക ആരോഗ്യ പരിശോധനയിൽ മറ്റ് ജില്ലകളെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാണ് വയനാട്.

Trending :
facebook twitter