വാട്സ്ആപ്പ് ദൈർഘ്യമേറിയ സന്ദേശങ്ങൾ സംഗ്രഹിക്കാനുള്ള ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നു. മെറ്റ എഐ നൽകുന്ന ഈ ഫീച്ചർ സ്വകാര്യ സംഭാഷണങ്ങൾ, ഗ്രൂപ്പുകൾ, ചാനലുകൾ എന്നിവയിലെ ചാറ്റുകൾ സംഗ്രഹിക്കും. ദൈർഘ്യമേറിയ സന്ദേശത്തിന്റെ ഉള്ളടക്കം വേഗത്തിൽ മനസിലാക്കാൻ സഹായിക്കുകയും വിലപ്പെട്ട സമയം ലാഭിക്കുകയും ചെയ്യുന്നതാണ് പുതിയ ഫീച്ചറെന്നാണ് റിപ്പോർട്ട്. വായിക്കാത്ത സന്ദേശങ്ങൾ ഒരുപാട് ഉണ്ടെങ്കിൽ സംഗ്രഹം തയ്യാറാക്കാനുള്ള ബട്ടൺ വാട്സാപ്പിൽ ദൃശ്യമാകും. മെറ്റയുടെ പ്രൈവറ്റ് പ്രോസസിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സംഗ്രഹം തയ്യാറാക്കുന്നത്.
മാത്രമല്ല വാട്സ്ആപ്പിനോ മെറ്റയ്ക്കോ മറ്റാർക്കെങ്കിലുമോ നിങ്ങളുടെ സന്ദേശങ്ങൾ ലഭ്യമാകില്ലെന്ന് ഉറപ്പാക്കും എന്നാണ് മെറ്റ അവകാശപ്പെടുന്നത്. മുഴുവൻ പ്രക്രിയയും സുരക്ഷിതമായാണ് നടത്തുന്നത്. സന്ദേശത്തിന്റെ ഉള്ളടക്കം സൂക്ഷിക്കുകയോ നിലനിർത്തുകയോ ചെയ്യാതെ സംഗ്രഹം നേരിട്ട് മൊബൈൽ ഫോൺ അടക്കമുള്ളവയിലേക്ക് തിരികെ ലഭ്യമാക്കും. എന്നാൽ അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി ഓണാക്കിയിട്ടുള്ള ചാറ്റുകളിൽ ഈ ഫീച്ചർ ലഭ്യമാകില്ല എന്നാണ് റിപ്പോർട്ട്. സന്ദേശങ്ങൾ സംഗ്രഹിക്കാനുള്ള ഓപ്ഷൻ ചാറ്റുകളിലും ഗ്രൂപ്പുകളിലും ചാനലുകളിലും ദൃശ്യമാകും, ഇത് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിലനിർത്തിക്കൊണ്ട് തന്നെ എല്ലാ സന്ദേശങ്ങളിലൂടെയും കടന്നുപോകാതെ കാര്യം വളരെ വേഗത്തിൽ മനസിലാക്കാൻ ഉപയോക്താക്കൾക്ക് അവസരം നൽകും.