+

ട്രാഫിക് സിഗ്നല്‍ കാത്തു നില്‍ക്കവേ റോഡിലെ ഗര്‍ത്തത്തിലേക്ക് പോയി വാഹനവും യാത്രക്കാരും ; സംഭവം ചെന്നൈയില്‍

ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയിട്ട കാറാണ് അപകടത്തില്‍പ്പെട്ടത് .

നടുറോഡില്‍ പെട്ടന്നുണ്ടായ എട്ട് അടിയോളം ആഴമുള്ള കുഴിയിലേക്ക് വീണ് കാറും യാത്രക്കാരും. തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് സംഭവം. ചെന്നൈയിലെ താരാമണിയ്ക്ക് സമീപത്തെ ടൈഡല്‍ പാര്‍ക്കിനടത്തുള്ള രാജീവ് ഗാന്ധി സലൈയിലാണ് റോഡില്‍ പെട്ടന്ന് ഗര്‍ത്തം രൂപം കൊണ്ടത്. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. ഇതേസമയം റോഡിലുണ്ടായിരുന്ന കാര്‍ യാത്രക്കാര്‍ സഹിതം കുഴിയിലേക്ക് പതിക്കുകയായിരുന്നു. 


ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയിട്ട കാറാണ് അപകടത്തില്‍പ്പെട്ടത് . അപകട സമയത്ത് അഞ്ച് പേരായിരുന്നു കാറിലുണ്ടായിരുന്നത്. ഷൊലിംഗനല്ലൂര്‍ സ്വദേശിയായ 47കാരന്‍ മരിയാദാസ് ആയിരുന്നു കാര്‍ ഓടിച്ചത്. 42 കാരനായ വിഗ്‌നേഷ്, ഇയാളുടെ ഭാര്യ 32കാരിയായ ധന്യ, ഇവരുടെ രണ്ട് മക്കളായ 12കാരന്‍ അശ്വന്ത്, 7 വയസുകാരന്‍ അദ്വിത് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു .ടാക്‌സി വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 
നിരവധി വാഹനങ്ങള്‍ റോഡിലുണ്ടായ സമയത്താണ് റോഡില്‍ വന്‍ ഗര്‍ത്തം രൂപം കൊണ്ട്ത്. പിന്നാലെ മേഖലയില്‍ വലിയ രീതിയിലെ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.

റോഡിന് അടിയിലൂടെ കടന്നു പോകുന്ന മലിനജല പൈപ്പ് പൊട്ടിയതാണു ഗര്‍ത്തമുണ്ടാകാന്‍ കാരണമെന്നു സിഎംആര്‍എല്‍ വിശദമാക്കുന്നത്. മെട്രോ റെയില്‍ നിര്‍മാണം നടക്കുന്നതിന് 300 മീറ്റര്‍ അരികിലാണ് അപകടം നടന്നത്. നേരിയ പരുക്കേറ്റ മുഴുവന്‍ യാത്രക്കാരെയും മെട്രോ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നു സുരക്ഷിതമായി പുറത്തെത്തിച്ചത്. 
 

facebook twitter