ഭാര്യയെ കഴുത്തില്‍ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി ; ഭര്‍ത്താവ് അറസ്റ്റില്‍

08:45 AM Jan 24, 2025 | Suchithra Sivadas

ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ഖേദം പ്രകടിപ്പിക്കുന്ന വീഡിയോ ചിത്രീകരിച്ച് തന്റെ ഓഫീസിലെ സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പൂനെയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. 

ദമ്പതികളായ ശിവദാസ് ഗിതേയും(37) ഭാര്യ ജ്യോതി ഗിതേയും (27) തമ്മില്‍ ബുധനാഴ്ച വാക്ക് തര്‍ക്കമുണ്ടായിരുന്നു. പുലര്‍ച്ചെ 4.30ഓടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ ഒരു ജോടി കത്രികകള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂര്‍ച്ചയേറിയ കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം. ശിവദാസ് ഭാര്യയുടെ കഴുത്തില്‍ കത്രിക കുത്തിയിറക്കുകയായിരുന്നു.

ആക്രമണത്തില്‍ ?ഗുരുതരമായി പരിക്കേറ്റ ജ്യോതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് ശിവദാസ് ഫോണില്‍ വീഡിയോ പകര്‍ത്തി ഓഫീസ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ പ്രവൃത്തിയില്‍ പശ്ചാത്താപം പ്രകടിപ്പിച്ചായിരുന്നു ശിവദാസിന്റെ വീഡിയോ എന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.