കിടപ്പിലായ ഭര്‍ത്താവിനെ ശൗചാലയത്തിലെത്തിച്ച്‌ തീകൊളുത്തി ഭാര്യ മരിച്ചു;, ഭര്‍ത്താവിൻ്റെ നില ഗുരുതരം

10:32 AM Jul 04, 2025 | Renjini kannur

കിടപ്പിലായ ഭര്‍ത്താവിനെ ശൗചാലയത്തിലെത്തിച്ച്‌ തീകൊളുത്തി ഭാര്യ മരിച്ചു, ഭര്‍ത്താവിൻ്റെ നില ഗുരുതരം.മഞ്ചേരി വട്ടപ്പാറ യാക്യാർതൊടി വള്ളിയാണ് (74) മരിച്ചത്.അഞ്ചുവർഷമായി കിടപ്പിലായ ഭർത്താവ് അപ്പുണ്ണിയെ (85) ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. അപ്പുണ്ണിയെ ശൗചാലയത്തിലെത്തിച്ചശേഷം വള്ളി തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അപ്പുണ്ണിയുടെ നിലവിളി കേട്ട് മരുമകള്‍ റോഷ്നി വീടിന്റെ മുകള്‍നിലയില്‍നിന്ന് ഇറങ്ങി വന്നപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ വള്ളിയുടെ മൃതദേഹം കണ്ടത്.

അപ്പുണ്ണി ശൗചാലയത്തില്‍ പൊള്ളലേറ്റ നിലയിലുമായിരുന്നു. റോഷ്നി ബഹളം വെച്ചതിനെത്തുടർന്ന് ഓടിയെത്തിയ അയല്‍വീട്ടുകാരും പോലീസും ചേർന്നാണ് അപ്പുണ്ണിയെ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കുമാറ്റിയത്.

മൃതദേഹത്തിനരികില്‍നിന്ന് മണ്ണെണ്ണ പാത്രം കണ്ടെത്തി. മഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ കെ.ആർ. ജസ്റ്റിന്റെ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. അപ്പുണ്ണിയുടെ മൂന്നാംഭാര്യയാണ് വള്ളി.