അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ കാട്ടുതീ പടര്‍ന്നുളള അപകടത്തില്‍ 24 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 16 പേരെ കാണാതായതായി. മരിച്ചവരില്‍ അഞ്ച് പേരെ പാലിസേഡ്‌സ് ഫയര്‍ സോണില്‍ നിന്നും 11 പേരെ ഈറ്റണ്‍ ഫയര്‍ സോണില്‍ നിന്നുമാണ് കണ്ടെത്തിയത്. ഇതിനോടകം ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും 12,000 ത്തിലധികം കെട്ടിടങ്ങള്‍ കത്തിനശിച്ചതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അഗ്‌നിശമന സേനാംഗങ്ങള്‍ തീയണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. എന്നാല്‍ ശക്തമായ കാറ്റ് തിരിച്ചെത്തുമെന്ന് ദേശീയ കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് കൂടുതല്‍ തീ പടരുമെന്ന ആശങ്ക ഉയര്‍ത്തുന്നതാണ്. മണിക്കൂറില്‍ 48 കിലോമീറ്റര്‍ മുതല്‍ 113 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് പ്രവചനം. ഗുരുതരമായ തീപിടിത്ത സാഹചര്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ ബുധനാഴ്ച വരെ റെഡ് ഫ്‌ലാഗ് മുന്നറിയിപ്പും മേഖലയിലുണ്ട്.
കാട്ടുതീ നിയന്ത്രണ വിധേയമായിട്ടില്ല.