ലോസ് ആഞ്ജലസ്: യു.എസിൽ കാലിഫോർണിയയിലുള്ള ലോസ് ആഞ്ജലസിൽ ആളിപ്പടർന്ന കാട്ടുതീയിൽ കനത്ത നാശനഷ്ടം. 10,000ത്തിലേറെ വീടുകളിൽ നിന്ന് 30,000ത്തോളം പേരെ ഒഴിപ്പിച്ചു. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10.30 ഓടെയാണ് കാട്ടുതീയുണ്ടായത്. പടിഞ്ഞാറൻ ലോസ് ആഞ്ജലസിലെ പസഫിക് പാലിസേഡ്സ് മേഖലയിൽ 10 ഏക്കർ വനത്തിന് പിടിച്ച തീ മണിക്കൂറുകൾക്കുള്ളിൽ 3000 ഏക്കറിലേക്ക് പടരുകയുമായിരുന്നു. നിരവധി വീടുകളും കെട്ടിടങ്ങളും കാട്ടുതീയിൽ കത്തിനശിച്ചു. 10 കിലോമീറ്റർ അകലെയുള്ള വെനിസ് ബീച്ചിലും കാട്ടുതീയുടെ പുക പടർന്നു.
കാലിഫോർണിയയിൽ ഗവർണർ ഗവിൻ ന്യുസോം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 1400 ലേറെ അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തിൽ തീയണക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങളെ അധികമായി ഉടൻ വിന്യസിക്കുമെന്നും ന്യുസോം എക്സിൽ വ്യക്തമാക്കി.