മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന 'ഹൃദയപൂര്‍വ്വം' എന്ന ചിത്രം ബോക്സ് ഓഫീസില്‍ ഒരു സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ്. റിലീസ് ചെയ്ത് 18 ദിവസം പിന്നിടുമ്പോള്‍ ചിത്രം ഇന്ത്യയില്‍ നിന്ന് 36.43 കോടി രൂപയാണ് നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരുടെയും മനസ്സു കീഴടക്കിയെന്ന് ആദ്യദിവസം തന്നെ തെളിയിച്ചതാണ്.
ചിത്രത്തിന്റെ ആദ്യ ആഴ്ചയിലെ ബോക്‌സ് ഓഫീസ് പ്രകടനം അക്ഷരാര്‍ത്ഥത്തില്‍ ഗംഭീരമായിരുന്നു. 20 കോടി രൂപയോളമാണ് ആദ്യ ആഴ്ചയില്‍ ചിത്രം വാരിക്കൂട്ടിയത്. എന്നാല്‍ രണ്ടാം ആഴ്ചയില്‍ ഇത് 13.4 കോടിയായി കുറഞ്ഞു. ഇതിന് ഒരു പ്രധാന കാരണം കല്യാണി പ്രിയദര്‍ശന്‍ നായികയായ 'ലോക: ചാപ്റ്റര്‍ 1 - ചന്ദ്ര' എന്ന സൂപ്പര്‍ഹീറോ ചിത്രത്തിന്റെ വരവാണ്. 'ലോക'ക്ക് ലഭിക്കുന്ന വലിയ പ്രേക്ഷകപിന്തുണ കാരണം 'ഹൃദയപൂര്‍വ്വം' സിനിമയുടെ കളക്ഷന്‍ അല്പം കുറഞ്ഞു. എന്നിരുന്നാലും, ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ കുടുംബ ചിത്രവുമായി തിരികെയെത്തിയത് ആരാധകരെ ഏറെ സന്തോഷിപ്പിച്ചു എന്ന് പ്രേക്ഷക പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കാം.
മൂന്നാം വാരാന്ത്യത്തില്‍ ശനിയാഴ്ച 99 ലക്ഷവും ഞായറാഴ്ച 1.24 കോടിയും മാത്രമാണ് ചിത്രത്തിന് നേടാനായതെങ്കിലും, ഒരു ഫാമിലി മൂവി എന്ന നിലയില്‍ ഇത് മികച്ച പ്രകടനം തന്നെയാണ്. 30 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം ഇതിനകം തന്നെ ലാഭകരമായി കഴിഞ്ഞു. ഈ വര്‍ഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ 'ഹൃദയപൂര്‍വ്വം' അഞ്ചാം സ്ഥാനത്താണ്. ചിത്രം ആഗോളതലത്തില്‍ 70 കോടി രൂപയോളം നേടി വന്‍വിജയം സ്വന്തമാക്കി.