മുംബൈ: കോളേജ് പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണുമരിച്ചു. ഇരുപതുകാരിയായ വർഷ ഖാരാട്ട് ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. മഹാരാഷ്ട്രയിലെ ധാരാശിവ് സിറ്റിയിലാണ് സംഭവം.
മഹർഷി ഗുരുവര്യ ആർജി ഷിൻഡെ മഹാവിദ്യാലയയിലാണ് സംഭവം നടന്നത്. കോളേജിലെ പരിപാടിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു വർഷ. ഇതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ചുറ്റുമുള്ളവർ ഓടിയടുത്ത് ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്തനായില്ല.
ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നും അടുത്തിടെ സമാനസംഭവം പുറത്തുവന്നിരുന്നു. ഭാര്യക്കൊപ്പം ഇരുപത്തിയഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുന്നതിനിടെ ഭർത്താവ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭാര്യക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെയാണ് അമ്പതുവയസ്സുകാരനായ വസിം സർവാർ കുഴഞ്ഞുവീണത്. ഹൃദയാഘാതം തന്നെയായിരുന്നു വസിമിന്റെയും ജീവനെടുത്തത്.
അടുത്തിടേയായി യുവാക്കൾക്കിടയിലെ ഹൃദയാഘാതനിരക്ക് വർധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ മാത്രം ഹൃദ്രോഗസംബന്ധമായ രോഗങ്ങൾ കാരണം മരണപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻവർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് അടുത്തിടെ സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഹൃദയാഘാത മരണങ്ങൾ മൂന്നുവർഷം കൊണ്ട് കുത്തനെ ഉയർന്നുവെന്നാണ് കണക്കുകളിലുള്ളത്. 2020-ൽ 28,759 2021-ൽ 28,413 2022-ൽ 32,457 എന്നിങ്ങനെയാണ് കണക്കുകൾ. നിരന്തരം ചെക്കപ്പുകൾ നടത്തുകയും ഹൃദയാരോഗ്യം പരിശോധിക്കുകയും ചെയ്യണമെന്നാണ് വിദഗ്ധർ പറയുന്നത്.